വിഷ്ണുവിന്‍റെ പത്താം അവതാരം തപസ്സ് ചെയ്യുന്നത് ലോക നന്മയ്ക്ക് വിചിത്രവാദവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

അഹമ്മദാബാദ്: താന്‍ വിഷ്ണുവിന്‍റെ പത്താം അവതാരമായ കല്‍ക്കി ആണെന്ന വിചിത്രവാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ലോക നന്മയ്ക്ക് വേണ്ടി തപസ്സ് ചെയ്യുകയാണെന്നും അതിനാല്‍ ഓഫീസില്‍ ജോലിയ്ക്കെത്താനാകില്ലെന്നും രാമചന്ദ്ര ഫെഫാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സര്‍ദ്ദാര്‍ സരോവര്‍ പുനര്‍വസ്വത് ഏജന്‍സി (എസ്എസ്‍പിഎ)യില്‍ എഞ്ചിനിയറാണ് രാമചന്ദ്ര. ജോലിയ്ക്കെത്താത്തതിനാല്‍ അധികൃതര്‍ അയച്ച ഷോ കോസ് നോട്ടീസും ഇതിന് രാമചന്ദ്ര നല്‍കിയ മറുപടിയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

തപസ്സ് ചെയ്യുന്നതിനാല്‍ ദിവസങ്ങളായി ഇയാള്‍ ഓഫീസില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഷോ കോസ് നോട്ടിസ് അയച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ 16 ദിവസം മാത്രമാണ് ഇയാള്‍ ഓഫീസില്‍ ഹാജരായിരുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും താന്‍ വിഷ്ണുവിന്‍റെ അവതാരമായ കല്‍കിയാണ്. ഇത് വരും ദിവസങ്ങളില്‍ തെളിയിക്കും എന്നായിരുന്നു ഇയാളുടെ മറുപടി. 

ഇതിന് രണ്ട് പേജ് മറുപടിയാണ് രാമചന്ദ്ര നല്‍കിയത്. ഞാന്‍ വീട്ടില്‍ തപസ്സ് ചെയ്യുകയാണ്. ലോകത്തിന്‍റെ നന്മയ്ക്കാണ് തന്‍റെ തപസ്സ്. ഇത് ഓഫീസിലിരുന്ന് അനുഷ്ഠിക്കാനാകില്ലെന്നും രാമചന്ദ്ര മറുപടിയില്‍ പറയുന്നു. തന്‍റെ തപസ്സിന്‍റെ ഫലമായാണ് ഇന്ത്യയില്‍ ധാന്യങ്ങളും ധാരാളം മഴയും ലഭിക്കുന്നതെന്നും രാമചന്ദ്ര. 2010 മാര്‍ച്ചില്‍ ഓഫീസിലിരിക്കുമ്പോഴാണ് താന്‍ കല്‍കി അവതാരമാണെന്ന സത്യം തിരിച്ചറിഞ്ഞത്. അന്ന് മുതല്‍ തനിക്ക് ദൈവീക ശക്തികള്‍ ലഭിച്ച് തുടങ്ങി; രാജ്കോട്ടിലെ വീട്ടില്‍വച്ച് രാമചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.