Asianet News MalayalamAsianet News Malayalam

അറിയാവുന്ന ഇംഗ്ലീഷ് തെറിയൊക്കെ പറഞ്ഞു, രവി പൂജാരിയെ പേടിയില്ലെന്ന് പിസി ജോര്‍ജ്

'വെട്ടാൻ വരുന്ന പോത്തിനോട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ എന്ന് പറഞ്ഞാൽ പോത്ത് വന്ന് വെട്ടിയേച്ച് പോകും.' - എന്നും ജോർജ്.

i am not afraid of ravi poojari says pc george
Author
Thiruvananthapuram, First Published Feb 7, 2019, 11:57 AM IST

തിരുവനന്തപുരം: രവി പൂജാരിയോടൊപ്പം ഒരു മലയാളിയുമുണ്ടെന്ന് പി സി ജോർജ് എംഎൽഎ. ഒരു കോൾ മലയാളത്തിലായിരുന്നെന്നും പി സി ജോർജ് പറഞ്ഞു. ജനുവരി 11, 12 തീയതികളിലാണ് തനിയ്ക്ക് രവി പൂജാരിയുടെ ഇന്‍റർനെറ്റ് കോൾ കിട്ടിയത്. രവി പൂജാരിയെ പേടിയില്ലെന്നും വരുന്നത് വരുംപോലെ കാണാമെന്നും പി സി ജോർജ് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു.

കൊല്ലുമെന്നായിരുന്നു ഭീഷണി. രണ്ട് മക്കളെയും കൊല്ലുമെന്ന് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്‍റെ കേസിലിടപെട്ട് ബിഷപ്പിനെ രക്ഷിച്ചതിലുള്ള ക്വട്ടേഷനാണിത്. അല്ലാതെ രവി പൂജാരിക്കെന്ത് ബിഷപ്പ്? - എന്ന് പി സി ജോർജ്.

'എന്തിനാണ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിച്ചതെന്നാണ് രവി പൂജാരി ചോദിച്ചത്. നീയെന്തിനാ അത് അന്വേഷിക്കുന്നതെന്ന് തിരിച്ചു ചോദിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറിയാണ് രവി പൂജാരി സംസാരിച്ചത്. അപ്പോഴറിയാവുന്ന ഇംഗ്ലീഷ് തെറി മുഴുവൻ തിരിച്ച് പറഞ്ഞിട്ടുണ്ട്. നോൺ സെൻസെന്നും റാസ്കലെന്നും പറഞ്ഞിട്ടുണ്ടെന്നേ' - പി സി ജോർജ് പറഞ്ഞു.

കോൾ കിട്ടിയ ശേഷം പൊലീസിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ട്. രണ്ട് മക്കൾക്കും സുരക്ഷ ഏർപ്പെടുത്തി. ഐടി സെൽ മൊബൈൽ കൊണ്ടുപോയി പരിശോധിച്ചു. ലീന മരിയ പോളിന്‍റെ കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോഴാണ് വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് മനസ്സിലായത്.

തനിയ്ക്ക് ഒരു പൂജാരിയെയും പേടിയില്ലെന്നും ജോർജ് പറഞ്ഞു. 'ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് നേരിടണം. വെട്ടാൻ വരുന്ന പോത്തിനോട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ എന്ന് പറഞ്ഞാൽ പോത്ത് വന്ന് വെട്ടിയേച്ച് പോകും.' - എന്നും ജോർജ്.

ര​വി പൂ​ജാ​രി പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി നേരത്തേ ഇന്‍റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായാണ് ഇന്‍റലിജൻസ് അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios