ജനങ്ങൾ പറയുന്നത് താൻ നിശ്ശബ്ദനായ പ്രധാനമന്ത്രിയാണ് എന്നാണ്. എന്നാൽ മോദിയെപ്പോലെ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ മാടി കാണിച്ചിട്ടുള്ള പ്രധാനമന്ത്രിയായിരുന്നില്ല താനെന്നും മൻമോഹൻ സിം​ഗ് പറഞ്ഞു. 

ദില്ലി: തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോ​ഹൻസിം​ഗ്. താൻ മോദിയെപ്പോലെ അല്ലെന്നും മൻമോഹൻസിം​ഗ് കൂട്ടിച്ചേർത്തു. മാധ്യമപ്രവർ‌ത്തകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു മൻമോഹൻസിം​ഗ്. വിവാദവിഷയങ്ങളിൽ പോലും പ്രതികരിക്കാതെ മോദി നോക്കി നിൽക്കുമ്പോൾ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രി എന്ന് തന്നെ പരിഹസിക്കുന്നത് ശരിയല്ലെന്നും മൻമോഹൻസിം​ഗ് പറഞ്ഞു. 

ജനങ്ങൾ പറയുന്നത് ഞാൻ നിശ്ശബ്ദനായ പ്രധാനമന്ത്രിയാണ് എന്നാണ്. എന്നാൽ മോദിയെപ്പോലെ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ മാടി കാണിച്ചിട്ടുള്ള പ്രധാനമന്ത്രിയായിരുന്നില്ല താനെന്നും മൻമോഹൻസിം​ഗ് പറഞ്ഞു. വിദേശപര്യടനം കഴിഞ്ഞ് വന്നാൽ പത്രസമ്മേളനം വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 2014 ൽ അധികാരത്തിൽ എത്തിയതിന് ശേഷം മോദി ഒറ്റ പത്രസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. 

റഫാൽ അടക്കമുള്ള വിവാദ വിഷയങ്ങളിൽ പോലും പത്രസമ്മേളനം വിളിക്കാൻ മോദി തയ്യാറാകാത്തതിനെ കുറിച്ച് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മൻമോഹൻസിം​​ഗ് മോദിക്കെതിരെ സംസാരിച്ചത്. ചേഞ്ചിം​ഗ് ഇന്ത്യ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു മൻമോഹൻസിം​ഗ്.