കേന്ദ്രമന്ത്രി പദവി നഷ്ടപ്പെട്ടാല്‍ മാത്രമേ ഇന്ധനവില വര്‍ദ്ധന തന്നെ ബാധിക്കൂ എന്ന് രാംദാസ് അത്തേവാല

ജയ്പൂര്‍: ദിനംപ്രതിയുള്ള ഇന്ധന വില വര്‍ദ്ധന തന്നെ ബാധിക്കില്ലെന്ന് തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി. താന്‍ കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധന വില തന്നെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന അലവന്‍സിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച് രാമദാസ് അത്തേവാല പറഞ്ഞത്.

കേന്ദ്രമന്ത്രി പദവി നഷ്ടപ്പെട്ടാല്‍ മാത്രമേ ഇന്ധനവില വര്‍ദ്ധന തന്നെ ബാധിക്കൂ എന്നും ജയ്പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാംദാസ് കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി. 

ഇന്ധനവിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുന്നുണ്ട്. ഇത് കുറയ്ക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചാല്‍ ഇന്ധന വില കുറയ്ക്കാനാകും. ഈ വിഷയം കേന്ദ്രം വിശകലനം ചെയ്യുകയാണെന്നും രാംദാസ് വ്യക്തമാക്കി.

നീതിന്യായ, ശാക്തീകരണ വകുപ്പിന്‍റെ കീഴില്‍ രാജസ്ഥാനില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. വിവാഹ സര്‍ട്ടിഫിക്കറ്റും പിന്നാക്ക വിഭാഗത്തിലെ വിജ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്കോളര്‍ഷിപ്പും വിതരണം ചെയ്യുന്നതില്‍ കാലതാസം ഉണ്ടാകരുതെന്നും രാംദാസ് ആവശ്യപ്പെട്ടു.