വിശുദ്ധമാസത്തിൽ ദൈവത്തെ പ്രീതിപ്പെടുത്താൻ ഏറ്റവും പ്രിയപ്പെട്ട ഇളയമകളെ ബലി നൽകിയെന്നാണ് നവാബ് അലി ഖുറേഷിയുടെ  മൊഴി

ജോധ്പൂ‍ർ: ദൈവത്തിന് സന്തോഷമാകുമെന്ന് കരുതിയാണ് പ്രിയപ്പെട്ട മകളെ ബലി നൽകിയത്. പക്ഷെ ഇപ്പോൾ തോന്നുന്നത് ആ സമയം ചെകുത്താനാണ് തന്നിൽ പ്രവർത്തിച്ചതെന്നാണെന്ന് മകളെ ബലി നല്‍കിയ പിതാവിന്റെ മൊഴി. രാജസ്ഥാനിലെ ജോധ്പൂ‍രിൽ നരബലി എന്ന പേരിൽ നാലു വയസ്സുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നിരുന്നു. സംഭവത്തില്‍ ഇരുപത്താറുകാരനായ പിതാവ് നവാബ് അലി ഖുറേഷിയെ ജോധ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.

വിശുദ്ധമാസത്തിൽ ദൈവത്തെ പ്രീതിപ്പെടുത്താൻ ഏറ്റവും പ്രിയപ്പെട്ട ഇളയമകളെ ബലി നൽകിയെന്നാണ് നവാബ് അലി ഖുറേഷിയുടെ മൊഴി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വൈകീട്ട് സമീപത്തെ ചന്തയിൽ നിന്നും മകൾക്ക് മധുരപലഹാരങ്ങളും പഴങ്ങുളും വാങി നൽകി. ഭാര്യയും മൂത്തമകളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഇളയ മകളെ വരാന്തയിലേക്ക് എടുത്ത് കൊണ്ടുവന്ന് മടിയിൽ കിടത്തി. പിന്നീട് പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ട ശേഷം കഴുത്തറുത്തു.

കൃത്യത്തിന് ശേഷം ഇയാൾ കിടന്നുറങ്ങി. പുലർച്ചെ 3 ന് രക്തത്തിൽ കുളിച്ച് കിടന്നിരുന്ന മകളെ അമ്മ ഷബ്നയാണ് കണ്ടത് . ഉടൻ ഭർത്താവ് അലിയെ വിളിച്ചുണർത്തി ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിലെത്തും മുൻപ് കുട്ടി മരിച്ചിരുന്നു. ഷബ്നയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ബന്ധുക്കളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി അലി ഖുറേഷിയാണെന്ന സൂചന ലഭിച്ചത് . ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.