എവറസ്റ്റില്‍ കുടുങ്ങിയ ഷെര്‍പ്പ ഏഴ് ദിവസങ്ങള്‍ അതിജീവിച്ചത് എങ്ങനെ. "താഴേക്ക് ഇഴഞ്ഞു നീങ്ങുന്നതിനിടയില്‍, താന്‍ മഞ്ഞുവിള്ളലിലേക്ക് വീഴുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര ദിവസത്തോളം അവിടെ കുടുങ്ങിക്കിടന്നു'

കാഠ്മണ്ഡു: ഭക്ഷണമോ ബോട്ടിലില്‍ നിറച്ച ഓക്സിജനോ ഇല്ലാതെ എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങി ഒരാഴ്ചയ്ക്കുശേഷം ജീവനോടെ കണ്ടെത്തിയ ഷെര്‍പ്പ ഗൈഡ് ഹിലരി ദാവ സുഖംപ്രാപിച്ചുവരുന്നു. എവറസ്റ്റില്‍ നിന്ന് താഴേക്ക് ഇഴഞ്ഞുനീങ്ങുന്ന നിലയില്‍ കണ്ടെത്തിയ നേപ്പാളി ഗൈഡ് ഇപ്പോള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഞ്ഞ് ചവച്ചരച്ച് തിന്നും പോക്കറ്റില്‍ നിന്ന് കിട്ടിയ ഏതാനും ചോക്ലേറ്റുകള്‍ കഴിച്ചുമാണ് എവറസ്റ്റിലെ കൊടുംതണുപ്പില്‍ ആറു ദിവസങ്ങള്‍ താന്‍ പിടിച്ചുനിന്നതെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. താഴേക്കുള്ള ഇറക്കത്തിനിടയില്‍ കാണാതായതല്ല, മറിച്ച് ഓക്‌സിജന്‍ തീര്‍ന്നുപോയതിനെ തുടര്‍ന്ന് പിന്നില്‍ തുടരാന്‍ നിര്‍ബന്ധിതനായതാണെന്നും അദ്ദേഹം പറഞ്ഞു. 'രക്ഷപ്പെടുമെന്ന് കരുതിയില്ല. ഈ രീതിയില്‍ മരിക്കുമെന്നാണ് വിചാരിച്ചത്.' -അദ്ദേഹം പറഞ്ഞു.

കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിമാലയന്‍ ട്രാവേഴ്സ്' കമ്പനിയില്‍ ഗൈഡായി ജോലി ചെയ്യുന്ന 52 കാരനായ ഹിലരി ദാവയാണ് അത്ഭുതകരമായി മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഹെലിക്കോപ്റ്ററുകളില്‍ തെരച്ചില്‍ നടത്തിയിട്ടും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. മരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങള്‍ ഹിലരിക്കായി മരണാനന്തര കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് അദ്ദേഹം രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എത്തിയത്.

സീസണിന്റെ തുടക്കത്തില്‍ ഖുംബു ഐസ്ഫാളിലൂടെയുള്ള വഴികളും കയറുകളും ഗോവണികളും സജ്ജീകരിക്കുകയും, പര്‍വതാരോഹകര്‍ മടങ്ങിയ ശേഷം അവ നീക്കം ചെയ്യുകയും ചെയ്യുന്ന സാഗര്‍മാതാ പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് ബേസ് ക്യാമ്പിന് മുകളില്‍ ഹിലരി ഐസ്ഫാളിലൂടെ ഇഴഞ്ഞുനീങ്ങുന്നത് കണ്ടെത്തിയത്. മഞ്ഞുരോഗം ബാധിച്ച് അവശനായിരുന്നുവെങ്കിലും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കി. അവര്‍ ഉടന്‍തന്നെ ഹിലരിയെ ചുമന്ന് മലയിറങ്ങി. അവിടെനിന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് ഹെലിക്കോപ്റ്ററില്‍ എത്തിച്ചു.

'രണ്ട് ദിവസം ഒന്നും കഴിച്ചില്ല, പിന്നീട് മഞ്ഞ് ചവച്ചരക്കാന്‍ തുടങ്ങി'

എവറസ്റ്റിനു മുകളില്‍ താന്‍ അപകടത്തില്‍പ്പെട്ടതായി ദാവ ഷെര്‍പ്പ പറഞ്ഞു. 'ഓക്‌സിജന്‍ തീര്‍ന്നതോടെ എനിക്ക് നടക്കാന്‍ കഴിഞ്ഞില്ല. 'ആദ്യത്തെ രണ്ട് ദിവസം ഞാന്‍ ഒന്നും കഴിച്ചില്ല. പിന്നീട് മഞ്ഞ് ചവച്ചരക്കാന്‍ തുടങ്ങി. അത് എന്റെ പല്ലുകളെ വേദനിപ്പിച്ചു. ഞാന്‍ മഞ്ഞ് ചവച്ചരച്ചു. പിന്നീട് പോക്കറ്റില്‍ കുറച്ച ചോക്ലേറ്റുകള്‍ കണ്ടെത്തി. കുടിക്കാനായി കുറച്ച് മഞ്ഞ് അലിയിക്കാനും കഴിഞ്ഞു. '

താഴേക്ക് ഇഴഞ്ഞു നീങ്ങുന്നതിനിടയില്‍, താന്‍ മഞ്ഞുവിള്ളലിലേക്ക് വീഴുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര ദിവസത്തോളം അവിടെ കുടുങ്ങിക്കിടന്നു. പുറത്തുകടക്കാന്‍ ഒരു വഴിയും കണ്ടെത്താനായില്ല. പിന്നീട് ഒരു ഹിമപാതം ഉണ്ടായി. മഞ്ഞുവിള്ളലിലേക്ക് മഞ്ഞ് വീണു. മഞ്ഞില്‍ ചവിട്ടി ഞാന്‍ എഴുന്നേറ്റ് മുകളിലേക്ക് നോക്കി. പുറത്തുകടക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നി' അദ്ദേഹം പറഞ്ഞു.

'അവിടെ നിന്ന് മുകളിലേക്ക് ഇഴഞ്ഞുകയറിയപ്പോള്‍, താഴേക്ക് നീങ്ങാന്‍ സഹായിക്കുന്ന കയറുകള്‍ കണ്ടെത്തി. അപ്പോേഴക്കും മറ്റൊരു ഹിമപാതമുണ്ടായി. അവിടെ നിന്നാല്‍, പെട്ടുപോവുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍, മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. മഞ്ഞിനെ മറികടന്ന് താഴേക്ക് നിരങ്ങി നീങ്ങി. ആ രാത്രി മുഴുവന്‍ ഞാന്‍ നടന്നു. പിന്നീട്, ബേസ് ക്യാമ്പിന് അടുത്തെത്തി. ഒരാഴ്ചയ്ക്ക് ശേഷം മനുഷ്യരെ കാണുന്നത് അവിടെ വെച്ചാണ്. കുട്ടികള്‍ മാലിന്യം ശേഖരിക്കാന്‍ മുകളിലേക്ക് പോകുകയായിരുന്നു. ഞാന്‍ അവരെ കണ്ടുമുട്ടി. അവര്‍ എന്നെ താഴേക്ക് ചുമന്നു.' -രക്ഷപ്പെട്ടത് എങ്ങനെയെന്ന് അദ്ദേഹം പറഞ്ഞു.

'എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല'

രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് എക്‌സ്‌പെഡിഷന്‍ കമ്പനി അറിയിച്ചപ്പോള്‍ താന്‍ പ്രതീക്ഷ കൈവിട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ദമു ഷെര്‍പ്പ പറഞ്ഞു. അങ്ങനെയാണ് കുടുംബം അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ ആരംഭിച്ചത്. 'ആശുപത്രിയില്‍വെച്ച് ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇനി ഒരിക്കലും അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവരില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഞാന്‍ വലിയ വിഷമത്തിലായിരുന്നു. എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല'-അവര്‍ പറഞ്ഞു.

'അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. സുഖമായിരിക്കുന്നു, സംസാരിക്കുന്നുമുണ്ട്,'- മകള്‍ മ്‌ഹെന്ദോ ലഹാമോ ഷെര്‍പ്പ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സീസണായിരുന്നു ഇത്തവണ എവറസ്റ്റിലേത്. മേയ് 20-ന് മാത്രം 274 പേര്‍ കൊടുമുടി കയറി. കൊടുമുടിയുടെ തെക്കുഭാഗത്തുകൂടി ആയിരത്തിലധികം പര്‍വതാരോഹകര്‍ ഈ സീസണില്‍ എവറസ്റ്റ് കീഴടക്കി. ശ്വസിക്കാന്‍ വായു വളരെ കുറവുള്ള 'ഡെത്ത് സോണ്‍' എന്നറിയപ്പെടുന്ന പ്രദേശത്ത് പര്‍വതാരോഹകര്‍ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു.