ദില്ലി: റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ മറ്റ് കരാറുകൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞത് നുണയല്ലെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. പ്രതിപക്ഷം അവകാശലംഘനനോട്ടീസ് നൽകിയ സാഹചര്യത്തിലാണ് സ്പീക്കർ സുമിത്രാ മഹാജൻ നിർമലാ സീതാരാമന് പ്രസ്താവന നടത്താൻ അവസരം നൽകിയത്.

എച്ച്എഎല്ലിന് 26,700 കോടി രൂപയുടെ കരാർ കിട്ടിക്കഴിഞ്ഞു. 75,000 കോടി രൂപയുടെ ഓർഡറുകൾ കിട്ടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. എച്ച്എഎല്ലിന്‍റെ വികസനമാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം - നിർമലാ സീതാരാമൻ വ്യക്തമാക്കി.

എന്നാൽ അവകാശലംഘനനോട്ടീസ് പരിഗണിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ തുടരുന്നതിനെ കരാറുകൾ കിട്ടിക്കഴിഞ്ഞു എന്ന് പറയുന്നത് സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്നും കോൺഗ്രസ് എം പി കെ സി വേണുഗോപാൽ പറഞ്ഞു. ഇതേത്തുടർന്ന് സഭ ബഹളത്തിൽ മുങ്ങി.

ഇന്നലെയാണ് റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നിർമലാ സീതാരാമൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയത്. 

എന്നാൽ രാഹുൽ ഗാന്ധി കാര്യങ്ങൾ കൃത്യമായി പഠിക്കണമെന്നും കരാർ കിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തിരിച്ചടിച്ച് നിർമലാ സീതാരാമനും രംഗത്തെത്തി.