ലഖ്​നൗ: ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രിയും ബിഎസ്‍പി നേതാവുമായ മായാവതിക്കെതിരെ വിവാദ പ്രസ്​താവന നടത്തിയ ബിജെപി നേതാവ്​ ദയാശങ്കർ സിങ്​ അവിഹിത സന്താനമെന്ന്​ ബിസ്​‍പി എംഎൽഎ ഉഷാ ചൗധരി. ദയാശങ്കറി​ന്‍റെ ഡി എൻ എക്ക്​ ചില തകരാറുണ്ടെന്നു അദ്ദേഹം ഒരു അവിഹിത സന്താനമെന്നാണ്​ താൻ വിചാരിക്കുന്ന​തായും അ​ദ്ദേഹത്തി​ന്‍റെ കടുംബവും അങ്ങനെ തന്നെയാണെന്നും ഉഷ ചൗധരി പറഞ്ഞു.

ചണ്ഡിഗഢിലെ ബിഎസ്‍പി നേതാവ് ജന്നത്ത് ജഹാന്‍, സിങ്ങിന്‍റെ നാവരിയുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തതിന്‍റെ പിന്നാലെയാണ് ഉഷാ ചൗധരിയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ അപഹസിച്ച ദയാശങ്കര്‍ സിങ്ങിന്‍റെ നാവു പിഴുതെടുത്താല്‍ 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നാണ് ജന്നത്തിന്‍റെ പ്രസ്താവന.

കഴിഞ്ഞ ദിവസമാണ് ദയാശങ്കര്‍ സിങ്ങ് മായവതിയെ ലൈംഗികതൊഴിലാളിയോട് ഉപമിച്ചത്. തുടര്‍ന്ന് ദയാസിങ്ങിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ബിജെപി നീക്കം ചെയ്തിരുന്നു. പാര്‍ട്ടി പദവികളില്‍ നിന്നും ആറ് വര്‍ഷത്തേക്ക് നീക്കുകയും ചെയ്തു.

പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരും അനുയായികളും ഇന്ന് ലക്നൗവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ സിങ്ങിനെ അറസ്റ്റു ചെയ്യണമെന്നും ബി.എസ്.പി ആവശ്യപ്പെട്ടു.

പ്രതിഷേധം ഉത്തര്‍പ്രദേശിൽ അക്രമാസക്തമായി. ദളിതരുടെ പേരിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബി ജെ പിയും കോണ്‍ഗ്രസ് എല്ലാകാലത്തും ശ്രമിച്ചതെന്ന് മായാവതി കുറ്റപ്പെടുത്തി.

സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ദയാശങ്കറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

സിങ്ങിനെ പിടികൂടുന്നതിനായി പൊലീസ് നടത്തിയ തെരച്ചില്‍ നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സിങ് ഒളിവില്‍ പോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ബാലിലയിലുള്ള വസതിയില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഖോരക്പൂര്‍, ലക്നോ, അസംഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് സിങ്ങിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.