ദില്ലി: 29 പേരുമായി ചെന്നൈയില്‍നിന്നു പോര്‍ട്ട്ബ്ലെയറിലേക്കു തിരിച്ച വ്യോമസേനാ വിമാനം കാണാതായി. വ്യോമസേനയുടെ AN-32 വിമാനമാണു കാണാതായിരിക്കുന്നത്.

എട്ടരയോടെയാണു വിമാനം താംബരത്തുനിന്നു പറന്നുയര്‍ന്നത്. 15 മിനിറ്റിനുശേഷം വിമാനം കാണാതാവുകയായിരുന്നു. രാവിലെ 10 മണിയോടെ പോര്‍ട്ട്ബ്ലെയറില്‍ വിമാനം എത്തേണ്ടതായിരുന്നു. നാവിക സേനയും വോമസേനയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലാണു തെരച്ചില്‍ നടത്തുന്നത്.

നാലു പ്രധാന കപ്പലുകള്‍ ഈ ഭാഗത്തേക്ക് അയച്ചിട്ടുണ്ട്. അതിവേഗത്തില്‍ ഈ കപ്പലുകള്‍ വിമാനം കടന്നുപോകുന്ന സമുദ്രപാതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന 29 പേരില്‍ ആറു പേര്‍ വിമാനത്തിലെ ജോലിക്കാരും ബാക്കിയുള്ളവര്‍ വ്യോമസേനാ അംഗങ്ങളുമാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വിശ്വാസയോഗ്യമായ റഷ്യന്‍ നിര്‍മിത എയര്‍ക്രാഫ്റ്റാണിത്. എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഇതിലുണ്ട്. 700 നോട്ടിക്കല്‍ മൈല്‍ അകലമാണ് (ഏകദേശം 1300 കിലോമീറ്റര്‍) വിമാനത്തിനു യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതായാണ് വ്യോമസേനാ ആസ്ഥാനത്തുനിന്ന് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഔദ്യോഗികമായി ഇതേക്കുറിച്ചു സേന പ്രതികരിച്ചിട്ടില്ല.