കൊൽക്കത്ത: പൊലീസ് നോക്കിനിൽക്കെ ഐ എ എസ് ഉദ്യോ​ഗസ്ഥൻ യുവാവിനെ തല്ലിച്ചതക്കുന്ന വീഡിയോ വൈറൽ. ബംഗാള്‍ അലിപുര്‍ദാറിലെ കളക്ടര്‍ നിഖില്‍ നിര്‍മ്മല്‍ ആണ് തന്റെ പദവിയെ ദുരുപയോ​ഗം ചെയ്ത് യുവാവിനെ തല്ലിയത്. ഭാര്യയുടെ ഫേസ്ബുക്കിൽ മോശമായ കമന്റിട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ നടപടി. പശ്ചിമ ബം​ഗാളിലെ ഫലാകട പൊലീസ് സ്റ്റേഷനിലാണ് സംഭവം.

ഭാര്യയുടെ മുന്നിലിട്ടാണ് മലയാളിയായ നിഖിൽ യുവാവിനെ പൊതിരെ തല്ലിയത്. ഇതേ സമയം സ്റ്റേഷനിലെ എസ് ഐ സൗമ്യജിത്ത് റേയും ഉണ്ടായിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ ഫേസ്ബുക്കിൽ മേശമായ രീതിയിൽ കമന്റിട്ട വിവരം ഭാര്യ നിർമ്മലിനോട് പറയുകയും ഉടൻ തന്നെ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു. ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 'തനിക്കെതിരെ എന്തെങ്കിലും ചെയ്യാൻ നിന്നെ ഞാൻ അനുവദിക്കില്ല. അങ്ങനെ എന്തെങ്കിലും ചെയ്താൽ നിന്റെ വീട്ടിൽ വന്ന് നിന്നെ കൊല്ലുമെന്നും' യുവാവിനെ മർദ്ദിക്കുന്നതിനിടെ നിർമ്മൽ പറയുന്നുണ്ട്.

ആർക്കു വേണ്ടിയാണ് ഇത്തരം അസഭ്യങ്ങൾ എഴുതി വിടുന്നതെന്ന് യുവാവിനോട് നിഖിലിന്റെ ഭാര്യയും ചോദിക്കുന്നു. യുവാവ് മാപ്പ് പറയുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഇരുവരും ചേർന്ന് മർദ്ദിക്കുകയാണ് ചെയ്തത്. അതേ സമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നിഖിലോ പൊലീസ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. ബെറ്റർ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് ഐ എ എസ് ഓഫീസർമാരിലൊരാളാണ് മലയാളിയായ നിഖിൽ.