ന്യൂഡല്‍ഹി: പ്രഭാത സവാരിക്ക് വീട്ടില്‍ നിന്നിറങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ബിഹാര്‍ സ്വദേശി ജിതേന്ദ്ര കുമാറിനെയാണ് കാണാതായത്. അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതാണെന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

ദ്വാരക സെക്ടര്‍ 9ലെ ശിവാലി അപാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയിട്ട് തിരികെയെത്തിയിട്ടില്ല. കുറച്ചുനാളായി അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നെന്നും എന്നാല്‍ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. നേരത്തെ ഐ.ടി മന്ത്രാലയത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് വാര്‍ത്താ വിതരണ മന്ത്രാലത്തിലേക്ക് സ്ഥലംമാറ്റി. അവിടെ നിന്ന് ഉടന്‍ തന്നെ മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും സ്ഥലംമാറ്റി. അടിക്കടിയുള്ള സ്ഥലം മാറ്റങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഒരുതരത്തിലുമുള്ള സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്തയാളായിരുന്നു ജിതേന്ദ്ര കുമാറെന്നും അതുകൊണ്ടുതന്നെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തുമ്പൊന്നും ലഭിച്ചില്ലെന്നാണ് ദില്ലി പൊലീസിന്റെ വാദം.