ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ കുളത്തില്‍ ചാടിയ ഐഎഎസ് ഓഫീസര്‍  മുങ്ങിമരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. കുളത്തില്‍ വീണ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഐഎഎസ് ഒഫീസറായ ആഷിഷ് ദഹ്യ (30) ആണ് മരിച്ചത്. ദഹ്യയുടെ മരണത്തില്‍ ദുരുഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. നന്നായി നീന്തല്‍ അറിയാവുന്നയാളാണ് ദഹ്യ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഐഎഫ്എസിലെ പരിശീലനത്തിന്റെ അവസാന ദിവസം ആഘോഷിക്കാന്‍ ബെര്‍ സറായിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസസ് (ഐഎഫ്എസ്)ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഭാര്യ ഡോ പ്രഗ്യയ്ക്കും സിവില്‍ സര്‍വീസിലെ സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയതായിരുന്നു ആഷിഷ് ദഹ്യ.  

ആഘോഷത്തിനിടെ ഒരു വനിത ഓഫീസര്‍ കാല്‍വഴുതി കുളത്തില്‍ വീണെന്ന് ദൃക്സാക്ഷികളില്‍ ചിലര്‍ പറയുന്നു. ഇവരെ രക്ഷിക്കാന്‍ മറ്റുള്ളവരും കുളത്തില്‍ ചാടിയെന്നും യുവതി കരകയറിയെങ്കിലും ദഹ്യ കുളത്തില്‍ വീണകാര്യം പിന്നീടാണ് അറിഞ്ഞതെന്നും കുളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

പ്രാഥമിക ശുശ്രൂഷയും കൃത്രിമ ശ്വാസവും നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഹരിയാനയിലെ സോനെപത്ത് സ്വദേശിയാണ് ദഹ്യ. മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ദഹ്യയുടെ കുടുംബം ആവശ്യപ്പെട്ടു. ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.