ബംഗളുരു: സംസ്ഥാന ഗാനം ആലപിക്കുന്നതിനിടയില്‍ വേദിയിലിരുന്ന് ച്യുയിംഗം ചവച്ചതിന് ഐ.എ.എസ് പ്രൊബേഷണറി ഓഫീസര്‍ക്കെതിരെ നടപടി. കര്‍ണ്ണാടകയിലെ തുമാകുരു ജില്ലയില്‍ നടന്ന ഒരു സര്‍ക്കാര്‍ ചടങ്ങില്‍ വെച്ചാണ് പ്രൊബേഷണറി ഓഫീസറായ പ്രീതി ഗാലോട്ട് ച്യുയിംഗം ചവച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ളവര്‍ ഈ സമയം വേദിയിലുണ്ടായിരുന്നു. 

എല്ലാവരും എഴുനേറ്റ് ആദരവോടെ നില്‍ക്കുമ്പോള്‍ പ്രീതി നിന്നുകൊണ്ട് ച്യൂയിംഗം ചവക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിലും വീഡിയോ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്നാണ് പ്രീതിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. കൂടാതെ വേദിയില്‍ ഇരുന്നതിനു ശേഷവും ചടങ്ങിനിടെ പ്രീതി ച്യുയിംഗം ചവക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാന ഗാനത്തെ അധിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നത്. ഇതോടെ പ്രീതിയോട് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. 2016 ബാച്ചിലെ ഐ.എ.എസ് പ്രൊബേഷണറായ പ്രീതി സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.