കളമശേരി മണ്ഡലത്തിൽ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ സേനയുടെ അടിയന്തിര സഹായം അഭ്യർഥിച്ച് വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂർണമായും വെള്ളത്തിലാണ്.

കൊച്ചി: കളമശേരി മണ്ഡലത്തിൽ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ സേനയുടെ അടിയന്തിര സഹായം അഭ്യർഥിച്ച് വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂർണമായും വെള്ളത്തിലാണ്. ഏലൂർ നഗരസഭ, കടുങ്ങല്ലൂർ, കരുമാല്ലൂർ, കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായിക്കഴിഞ്ഞു.

ബോട്ട്, തോണി എന്നിവ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം സാധ്യമല്ലാത്ത വിധം ഇവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. സേനയുടെ ഇടപെടൽ കൊണ്ട് മാത്രമേ ഇവിടെയുള്ളവരെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളു. 
ഇന്ന് പെരിയാറിലെ ജലനിരപ്പ് അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ധാരാളം ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും അവരുടെ വീടുകളിലുമായി മുകൾ തട്ടിൽ കഴിയുന്നുണ്ട്. 

രക്ഷാ പ്രവർത്തനത്തിന് എയർ ലിഫറ്റിങ്ങല്ലാതെ മറ്റു മാർഗങ്ങളില്ല. പലർക്കും ഭക്ഷണവും കുടിവെള്ളവും കിട്ടിയിട്ട് രണ്ടു മൂന്ന് ദിവസങ്ങളായി. മെഡിക്കൽ പരിചരണവും ലഭിച്ചിട്ടില്ല, വലിയ ദുരിതത്തിലാണ് ഇവിടങ്ങളിലെ ആൾക്കാരെല്ലാം. രക്ഷാപ്രവർത്തനത്തിന് ഇനിയും വൈകിയാൽ വലിയ ദുരന്തത്തിലേക്ക് അത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.