മുംബൈ: റെയില്‍വേ പാളത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇരുപതുകാരിയായ പല്ലവി വികംസേയുടേതാണെന്ന് പൊലീസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ ഇളയമകളാണ് പല്ലവി. ഒക്ടോബര്‍ നാലിന് രാത്രിയോടെ പല്ലവിയെ കാണാതായതിനെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. 

ഒക്ടോബര്‍ നാലിന് വൈകിട്ട് ആറിന് മുംബൈ സിഎസ്ടി സ്റ്റേഷനില്‍ നിന്ന് പല്ലവി ലോക്കല്‍ ട്രെയിനില്‍ കയറിയ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സൗത്ത് മുംബൈയിലെ ഫോര്‍ട്ടിലുള്ള ഒരു സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. എംആര്‍എ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. 

അതിനിടെ അഞ്ചിന് വൈകിട്ട് ഏഴരയോടെ പാളത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായുള്ള വിവരം പരേല്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോ വിളിച്ചു പറഞ്ഞു. കുടുംബാംഗങ്ങളെത്തി നടത്തിയ പരിശോധനയിലാണ് പല്ലവിയാണെന്ന് തിരിച്ചറിഞ്ഞത്. തലയില്‍ ഉള്‍പ്പെടെ മാരക മുറിവേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. ദാദര്‍ സ്റ്റേഷനില്‍ അപകടമരണമായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.