അടുത്ത മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി രണ്ടാം റൗണ്ടില്‍ കടക്കണമെന്നും ഹാൾഡോർസൺ

മോസ്കോ: മാരക്കാനയിലെ കണ്ണീര്‍ തുടയ്ക്കാനായി റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷകളുമായെത്തിയ മെസിയ്ക്കും അര്‍ജന്‍റീനയ്ക്കും അപ്രതീക്ഷിത തിരിച്ചടിയാണ് ഇന്നലെ ഏറ്റുവാങ്ങേണ്ടിവന്നത്. ഫുട്ബോളിലെ കുഞ്ഞന്‍‍ രാജ്യമായ ഐസ് ലാന്‍ഡിന്‍റെ പോരാട്ടവീര്യത്തിനു മുന്നില്‍ മെസിയ്ക്കും കൂട്ടര്‍ക്കും സമനിലയുമായി മടങ്ങേണ്ടി വന്നു. മെസിയുടെ പെനാല്‍ട്ടി കിക്ക് തടുത്തിട്ട ഐസ് ലാന്‍ഡ് ഗോളി ഹാനസ് ഹാൾഡോർസണാണ് അര്‍ജന്‍റീനയുടെ വിജയത്തെയും തടുത്തിട്ടത്.

മെസിയും അഗ്യൂറോയും ഹിഗ്വൈനും ഡി മരിയയുമടക്കമുള്ള വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഹാൾഡോർസണാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സാക്ഷാല്‍ ലിയോണല്‍ മെസിയുടെ ഉഗ്രന്‍ പെനാല്‍ട്ടി ഷോട്ടിനു മുന്നില്‍ കൂസാതെ ഹാൾഡോർസൺ വിജയത്തോളം മധുരമുള്ള സമനിലയാണ് ഐസ് ലാന്‍ഡിന് സമ്മാനിച്ചത്.

ഇപ്പോഴിതാ മെസിയുടെ പെനാല്‍ട്ടി ഷോട്ട് തടുത്തിട്ടതിന്‍റെ രഹസ്യം വെളിപ്പെടുത്തി താരം രംഗത്തെത്തിയിരിക്കുകയാണ്. മെസിയുടെ കളിയും പെനാല്‍ട്ടി ഷോട്ടുകളും ഫ്രീകിക്കുകളും നന്നായി ഗൃഹപാഠം ചെയ്തതാണ് തനിക്ക് ഗുണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. മെസിയുടെ പെനാല്‍ട്ടി കിക്കുകളെക്കുറിച്ച് വിശദമായ പഠനം നടത്തി.

ഏത് വിധത്തില്‍ മെസിയെ നേരിടണമെന്നും പഠനം നടത്തി. ഏതു ശരീരഭാഷ കാണിച്ചാൽ മെസി ഏതു ഭാഗത്തേക്ക് പെനാൾട്ടി അടിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തി. മെസിയുടെ പെനാൾട്ടി കിക്ക് ഏത് വശത്തേക്കായിരിക്കുമെന്ന് പഠനം നടത്തിയത് കൃത്യമായെന്നും അതുകൊണ്ടാണ് ആ ദിശയിലേക്ക് ഡൈവ് ചെയ്തതെന്നും ഐസ് ലാന്‍ഡ് ഗോളി വിവരിച്ചു.

അര്‍ജന്‍റീനയെ സമനിലയില്‍ തളയ്ക്കാനായതില്‍ അതിയായ ആഹ്ളാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി രണ്ടാം റൗണ്ടില്‍ കടക്കണമെന്നും ഹാൾഡോർസൺ ആഗ്രഹം പ്രകടിപ്പിച്ചു.