അനധികൃത നിർമ്മിതികൾ കണ്ടെത്താൻ റവന്യൂ – വനം- തദ്ദേശ സ്വയംഭരണം – സർവ്വേ എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തണം.

ഇടുക്കി: ഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ജില്ല കളക്ടറുടെ ഉത്തരവ്. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പാതകൾ അടച്ചതാണ് ഇപ്പോൾ ആക്രമണം വ‌ർധിക്കാൻ കാരണമെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഉത്തരവിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

YouTube video player

ഇടുക്കിയിൽ ഈ വർഷം മാത്രം ആറുപേരെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് മനുഷ്യ വന്യജീവി സംഘർഷം കുറക്കാനുള്ള നടപടികൾ ആലോചിക്കുന്നതിന് 19 ന് യോഗം ചേർന്നിരുന്നു. വന്യമൃഗങ്ങൾ സ്വൈര്യമായി സഞ്ചരിച്ചിരുന്ന പരമ്പരാഗത പാതകൾ അടഞ്ഞതാണ് ആക്രമണം വർധിക്കാൻ ഒരു കാരണമെന്ന് യോഗം വിലയിരുത്തി. വേണ്ടത്ര അനുമതിയില്ലാതെ സ്ഥാപിച്ച ഫെൻസിംഗുകളും അനത്താരകൾ കയ്യേറി നിർമ്മിച്ച അനധികൃത കെട്ടിടങ്ങളുമാണ് ഇതിനു കാരണമെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

അനധികൃത നിർമ്മിതികൾ കണ്ടെത്താൻ റവന്യൂ – വനം- തദ്ദേശ സ്വയംഭരണം – സർവ്വേ എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തണം. ചിന്നക്കനാൽ മേഖലയിൽ മാത്രം ഇത്തരത്തിൽ അനധികൃതമായി നിരവധി ഫെൻസിംഗുകളും സർക്കാർ ഭൂമി കയ്യേറി കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ടെന്നാണ് പ്രഥമിക കണ്ടെത്തൽ. ഉത്തരവിനെതിരെ സിപിഎമ്മും അഖിലേന്ത്യാ കിസാൻ സഭയും രംഗത്തെത്തി. മനുഷ്യത്വരഹിതമായ ഉത്തരവ് പിൻലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി രൂപതയും രംഗത്തെത്തിയിട്ടുണ്ട്. ആനത്താരകളിൽ തടസ്സങ്ങൾ പാടില്ലെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു