1969 ഏപ്രില്‍ 30 നാണ് ഡാമിന്റെ പണികള്‍ ആരംഭിച്ചത്
മൂന്നാര്. ഇടുക്കിയുടെ അഭിമാനവും കേരളത്തിന്റെ പ്രകാശ സ്രോതസ്സുമായ ഇടുക്കി ആര്ച്ച് നിര്മ്മാണം ആരംഭിച്ചതിന്റെ അമ്പതാമാണ്ടിലേയ്ക്ക് പ്രവേശിക്കുമ്പോള് ഇച്ഛാശക്തിയുടെയും ഭാവനാസമ്പന്നമായ ഒരു പദ്ധതിയുടെ വിജയത്തിന്റെയും ഓര്മ്മകള് വീണ്ടുമുണരുകയാണ്. ഡാമിന്റെ പണികള് ആരംഭിച്ചിട്ട് ഇന്ന് 49 ആണ്ടുകള് പിന്നിടുകയാണ്. 1969 ഏപ്രില് 30 നാണ് ഡാമിന്റെ പണികള് ആരംഭിച്ചത്. ഇടുക്കി പോലെ ചുറ്റും മലനിരകളാല് മൂടപ്പെട്ട സ്ഥലത്ത് കഠിനമായ സാഹചര്യങ്ങളെ അതീജീവിച്ചാണ് ഡാം എന്ന സ്വപ്നം യാഥാര്ത്ഥ്യമായത്.
ഡാമിന്റെ പണികള് ആരംഭിച്ച് 7 വര്ഷത്തിനകം പൂര്ത്തീകരിച്ച് നാടിന് സമര്പ്പിക്കാനായി. 1976 ഫെബ്രുവരി 12 ന് ഡാം അന്നത്തെ പ്രധാനമന്തി ഇന്ദിരാഗാന്ധി നാടിന് സമര്പ്പിച്ചു. മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു. ജെ.ജോണിന്റെ ദീര്ഘവീക്ഷണമാണ് വൈദ്യുതോത്പാദനം എന്ന ലക്ഷ്യത്തോടെ ഒരു ഡാം നിര്മ്മിക്കുക്ക എന്ന ആശയത്തിലേക്കെത്തിച്ചത്. നായാട്ടു നടത്തുന്നതിനിടയില് കൊലുമ്പന് എന്ന ആദിവാസിയാണ് ഈ സ്ഥലം കാണിച്ചുകൊടുത്തത്. കുറവന് കുറത്തി എന്നു പേരായ രണ്ടുമലകള്ക്കിടയില് കൂടി ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞുനിര്ത്തുവാന് ഒരു ഡാം നിര്മ്മിക്കാനാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി.
1969 ലാണ് ഡാമിന്റെ പണികള് ആരംഭിച്ചതെങ്കിലും അതിനും വര്ഷങ്ങള്ക്കു മുമ്പേ ഡാം നിര്മ്മാണത്തിനുള്ള നടപടികള് ആരംഭിച്ചിരുന്നു. 1937 ല് ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, കഌന്തയോ മാസലെ എന്ന എന്ജിനിയര്മാര് അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോര്ട്ട് സമര്പ്പിച്ചെങ്കിലും സര്ക്കാര് തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്മ്മിക്കാന് വിവിധ പഠന റിപ്പോര്ട്ടുകളില് ശുപാര്ശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങളും വിശകലനങ്ങളും നടന്നു.
1961ല് ആണ് അണക്കെട്ടിനായി രൂപകല്പന തയ്യാറാക്കിയത്. 1963 ല് പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിര്മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്ഡ് ഏറ്റെടുത്തു. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവന് മലയേയും, കുറത്തി മലയേയും ബന്ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറില് സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന് ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാന് കുളമാവിലും അണക്കെട്ടുകള് നിര്മ്മിച്ചു.
ഇടുക്കി ഡാം ഇന്നും വിസ്മയമാണ്. പാറയിടുക്കിന്റെ സാന്നിധ്യവും മര്ദ്ദവും ശക്തിയുമെല്ലാം താങ്ങാന് കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിര്മ്മിച്ചത്. കോണ്ക്രീറ്റ് കൊണ്ടു പണിത ഈ ആര്ച്ച് ഡാമിനു 168.9 മീറ്റര് ഉയരമുണ്ട്. മുകളില് 365.85 മീറ്റര് നീളവും 7.62 മീറ്റര് വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത. ഇടുക്കിയുടെ കരുത്തിന്റെ പ്രതീകം കൂടിയാണ് ഇടുക്കി ഡാം. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിലാണ് നിര്മ്മിച്ചിരിക്കുന്നത്.
