ചെറുതോണിയിൽ അണകെട്ടിയതോടെ ഒഴുക്ക് നിലച്ച പെരിയാർ ജീവൻ വീണ്ടെടുക്കാൻ ഒരുങ്ങുകയാണ്. ചെറുതോണിയിൽ നിന്ന് രണ്ട് ജില്ലകളിലൂടെ 90 കിലോ മീറ്ററോളം ഒഴുകിയാണ് പെരിയാർ അറബിക്കടലിൽ പതിക്കുക. 

ഇടുക്കി: ഇരുപത്തിയാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറക്കുമ്പോൾ പെരിയാർ കൃത്യമായി ഒഴുകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ചെറുതോണിയിൽ അണകെട്ടിയതോടെ ഒഴുക്ക് നിലച്ച പെരിയാർ ജീവൻ വീണ്ടെടുക്കാൻ ഒരുങ്ങുകയാണ്. ചെറുതോണിയിൽ നിന്ന് രണ്ട് ജില്ലകളിലൂടെ 90 കിലോ മീറ്ററോളം ഒഴുകിയാണ് പെരിയാർ അറബിക്കടലിൽ പതിക്കുക. 

ഡാമിന്‍റെ ഷട്ടർ തുറന്നാൽ നിമിഷങ്ങൾക്കകം കാൽ കിലോമീറ്റർ അകലെയുള്ള ചെറുതോണി ടൗണിൽ വെള്ളമെത്തും. തുടർന്ന് തടിയന്പാട്, കരിന്പിൻ, കീരിത്തോട് വഴി പനങ്കുട്ടിയിലേക്ക് കടക്കും. പെരിയാർ ഇവിടെ വച്ച് കല്ലാർകുട്ടിയിൽ നിന്ന് വരുന്ന കൈവഴിയിൽ ചേരും. പിന്നീട് ലോവർ പെരിയാർ അണക്കെട്ടിലേക്ക്. ഇതോടെ നദി എറണാകുളം ജില്ലയിൽ പ്രവേശിക്കും.

ലോവർ പെരിയാറിലെ ഒരു ഷട്ടർ നിലവിൽ തുറന്നിട്ടുണ്ട്. ഇടുക്കി വെള്ളമെത്തിയാൽ ഏഴ് ഷട്ടറുകളും ഉയർത്തി നേരെ ഭൂതത്താൻകെട്ട് ഡാമിലേക്ക് വെള്ളം ഒഴുക്കും. ഭൂതത്താൻകെട്ടിന്‍റെ ഷട്ടറുകൾ മൂന്നാഴ്ചയായി തുറന്നിരിക്കുന്നതിനാൽ പെരിയാറിലൂടെ വെള്ളം കാലടി കടന്ന് ആലുവയിലേക്ക് പോകും. പെരിയാർ ആലുവയിൽ രണ്ടായി പിരിയും. ഒന്ന് കോട്ടപ്പുറം വഴി മുനമ്പത്തും മറ്റൊന്ന് വരാപ്പുഴ വഴി ഫോർട്ട് കൊച്ചിയിലും അറബിക്കടലിൽ പതിക്കും.

മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം കൂടി എത്തുന്നതോടെ പെരിയാർ ചിലയിടങ്ങളിലെങ്കിലും കരകവിയുമോ എന്നൊരാശങ്കയുണ്ട്. ഇവിടങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ എറണാകുളം, ഇടുക്കി കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.