കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45 അടി വെളളം കൂടുതല്‍ വൈദ്യുതി ഉത്പാദനത്തിൽ പ്രതിസന്ധിയുണ്ടാകില്ല
ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ, വൈദ്യുതി ഉത്പാദനത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഇടുക്കി അണക്കെട്ടിൽ മാത്രം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45 അടി വെളളം കൂടുതലുണ്ട്. ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2345.08 അടി. കഴിഞ്ഞ വർഷം ഇത് 2300.04 അടി ആയിരുന്നു.
പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് ഈ മാസം മാത്രം 667 മില്ലിമീറ്റർ മഴ കിട്ടി. ഒഴുകിയെത്തിയത് 19.442 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുളള വെളളം. മൂലമറ്റം വൈദ്യുത നിലയത്തിൽ 895.95 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടിലുണ്ട്. വേനൽക്കാലത്തേക്കുള്ള കരുതലായി, ഇടുക്കി അണക്കെട്ടിലെ വൈദ്യുതോത്പാദനം KSEB കുറച്ചു.
64.34 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ പ്രതിദിന ശരാശരി ഉപഭോഗം.
കേന്ദ്ര പൂളിൽ നിന്നും ദീർഘകാല കരാറിലുള്ള കന്പനികളിൽ നിന്നുമായി 40 ദശലക്ഷം യൂണിറ്റ് കിട്ടുന്നതിനാൽ 24 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. ഇടുക്കിക്കു പുറമേ ശബരിഗിരി, കുറ്റ്യാടി അണക്കെട്ടുകളിലും ഉത്പാദനം കുറച്ച് വെളളം സംഭരിക്കുകയാണ്.
