ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കിയിൽ കനത്ത ജാഗ്രത. ജലനിരപ്പ് 2,395.26 അടിയിലെത്തിയതോടെയാണ് കെഎസ്ഇബി ജാഗ്രത നിർദ്ദേശം നൽകിയത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും മഴ കുറഞ്ഞാൽ ഡാം തുറക്കില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു
ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കിയിൽ കനത്ത ജാഗ്രത. ജലനിരപ്പ് 2,395.26 അടിയിലെത്തിയതോടെയാണ് കെഎസ്ഇബി ജാഗ്രത നിർദ്ദേശം നൽകിയത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും മഴ കുറഞ്ഞാൽ ഡാം തുറക്കില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ഇനി 8 അടിയുടെ കുറവ് മാത്രമാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. അധികൃതര്‍ സ്ഥിതിഗതികൾ വിലയിരുത്തും. അതേസമയം ജാഗ്രത നിർദ്ദേശം സാങ്കേതിക നടപടിക്രമം മാത്രമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായിട്ടുണ്ട
മഴ വീണ്ടും ശക്തമായി ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കി ജില്ലാ ഭരണകൂടം പ്രദേശവാസികൾക്ക് നോട്ടീസ് നൽകി. ചെറുതോണി മുതൽ പനങ്കുട്ടി വരെയുള്ള പെരിയാറിന്റെ തീരത്തുള്ള നൂറോളം കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയും ഇടുക്കിയിലെത്തിയിട്ടുണ്ട്. റവന്യൂ, കെഎസ്ഇബി, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ഓറഞ്ച് അലർട് (രണ്ടാം ഘട്ട ജാഗ്രതാ നിർദേശം) നൽകി എന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ല. മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം ( റെഡ് അലർട്ട് ) ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
