ഇടുക്കി: ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസിലെ ക്യാമറ ജീവനക്കാരന്‍ കലണ്ടര്‍ കൊണ്ട് മറച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നപ്പോഴാണ് തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയത്. മാര്‍ച്ച് മൂന്നാം തീയതി ഉച്ചക്കു ശേഷമാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ജീവനക്കാരന്‍ കലണ്ടര്‍ കൊണ്ടു മറച്ചത്.
പുതിയ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചുമതലയേറ്റതോടെ ഈ വിഭാഗത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഓഫീസിലെത്തിയ കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനാണ് ക്യാമറ മറച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി കെ. കുര്യന്‍ പഴയ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. സംഭവം സംബന്ധിച്ച് അന്നു തന്നെ ക്യാമറ മറച്ച പ്യൂണ്‍ അന്നക്കൊടിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതുവരെ ഇയാള്‍ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല.
സംഭവം സംബന്ധിച്ച് തിങ്കളാഴ്ച സെക്രട്ടറി തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ദൃശ്യങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കും.പ്യൂണ്‍ അന്നക്കൊടിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്നതും ക്യാമറ മറച്ചത് ശ്രദ്ധയില്‍ പെട്ടിട്ടും തടയാന്‍ ശ്രമിക്കാതിരുന്നതുമായി ഉദ്യോഗസ്ഥര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തേക്കും. ഇതിനിടെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ മൂന്ന് ക്യാമറകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം അഴിമതി തടയാന്‍ ജില്ലാ പഞ്ചായത്തിലെ എല്ലാ ഓഫീസുകളിലും ക്യാമറ സ്ഥാപിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.
