ഇടുക്കി: പുറ്റടിയില്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്‍ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. അക്രമത്തിനിടെ കുഞ്ഞിനും അമ്മയ്ക്കും പരുക്കേറ്റു. പുറ്റടി അച്ചന്‍കാനം സ്വദേശി ഷിജുവിന്‍റെയും ഭാര്യ സിന്ധുവിന്‍റെയും മകളെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. രാവിലെ വീടിനുസമീപം മുഖംമൂടി ധരിച്ചെത്തിയ ഇയാള്‍ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തെത്തിയത്. 

കുഞ്ഞിനെ കൈക്കലാക്കാനായുള്ള ഇയാളുടെ അക്രമത്തില്‍ സിന്ധുവിനും കുഞ്ഞിനും പരുക്കേറ്റു. എട്ടു മാസം പ്രായമുള്ള സിന്ധുവിന്‍റെ രണ്ടാമത്തെ കുഞ്ഞും ഈ സമയത്ത് വീട്ടിനകത്തുണ്ടായിരുന്നു. അക്രമത്തിനിടെ സിന്ധു അലറിവിളിച്ചപ്പോള്‍ അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വണ്ടന്‍മേട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.