ദേവികുളം താലൂക്കിൽ താമസിക്കുന്ന ഗണേശൻ, ലക്ഷ്മി, ബാലൻ എന്നിവരാണ് സത്യവാങ്ങ്‍മൂലം നൽകിയത്. പരാതിയില്ലെന്ന് മൂവരും കോടതിയെ അറിയിച്ചു.

കൊട്ടക്കമ്പൂർ: പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് നല്‍കിയ വനഭൂമി ജോയിസ് ജോര്‍ജിന്‍റെ പിതാവ് വ്യാജ മുക്തിയാര്‍ ചമച്ച് തട്ടിയെടുത്തു എന്ന കേസിലാണ് നിര്‍ണ്ണായക വഴിത്തിരവുണ്ടായിരിക്കുന്നത്. ഭൂമി തട്ടിയെടുത്തതല്ലെന്നും സ്വമേധയാ നല്‍കിയതാണെന്നുമാണ് പരാതിക്കാര്‍ ഇപ്പോള്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. പരാതിക്കാര്‍ കൊട്ടക്കമ്പൂര്‍ ഭൂമി ഇടപ്പാട് കേസിൽ ഭൂമി നഷ്ടപ്പെട്ടതില്‍ പരാതിയില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്ങ്‍മൂലം നൽകി. ദേവികുളം താലൂക്കിൽ താമസിക്കുന്ന ഗണേശൻ, ലക്ഷ്മി, ബാലൻ എന്നിവരാണ് സത്യവാങ്ങ്‍മൂലം നൽകിയത്. പരാതിയില്ലെന്ന് മൂവരും ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. 

തെറ്റിദ്ധരിപ്പിച്ച് ഒപ്പുവെപ്പിച്ച രേഖകൾ പ്രകാരം ചിലർ പരാതി നൽകുകയായിരുന്നു. കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് മൂന്ന് പേരുടെയും അപേക്ഷ നല്‍കിയത്. ജോയ്സ് ജോർജ് എം പിയുടെ കുടുംബം ഉൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂമി തട്ടിപ്പ് കേസിൽ ഇരകളുടെ നിലപാട് അറിയണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയത്. 

നേരത്തെ ജില്ലാ കലക്ടര്‍ റാദ്ദാക്കിയ തന്‍റെ ഭൂമിയുടെ പട്ടയത്തെ കുറിച്ച് തെളിവെടുപ്പ് നടത്താന്‍ ഒരുമാസം സാവകാശം വേണെന്ന് എം പി ജോയിസ് ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ലാന്‍ റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സബ് കലക്ടര്‍ പ്രേംകുമാര്‍ ഹിയറിങ്ങിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എം പിക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരാകാന്‍ എം പി ജോയിസ് ജോര്‍ജ് തയ്യാറായില്ല.