ഇടുക്കി എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ്. കൊലപാതക ശേഷം പൊലീസിനെ വെട്ടിച്ച് 9 കിലോമീറ്റർ കാട്ടിലൂടെ നടന്നെന്ന് പ്രതി
ഇടുക്കി: നടുപ്പാറ കെ കെ എസ്റ്റേറ്റ് ഉടമയെയും ജീവനക്കാരനെയും കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയെന്ന് പ്രതി ബോബിന്റെ മൊഴി. കൊലപാതക ശേഷം പോലീസിനെ വെട്ടിച്ച് 9 കിലോമീറ്റർ കാട്ടിലൂടെ നടന്ന് തമിഴ്നാട്ടിലേക്ക് കടന്നുവെന്നും ബോബിൻ പൊലീസിനോട് പറഞ്ഞു
എസ്റ്റേറ്റിലെ ഏലക്ക വിറ്റതിലൂടെ കിട്ടിയ ഒരു ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് ബോബിൻ ഒളിവിൽ പോയത്. മധുരയിൽ രണ്ട് ദിവസം തങ്ങിയ പ്രതി സിനിമ കണ്ടിറങ്ങിയപ്പോൾ തിയേറ്ററിനു മുന്നിൽ നിന്നാണ് പൊലീസ് പിടിയിലായത്. എറണാകുളത്തു വീട്ടമ്മക്ക് നേരെ മുളക് പൊടി എറിഞ്ഞു മാല പൊട്ടിച്ചതടക്കം നിരവധി കേസുകളിൽ ബോബിൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് നടുപ്പാറ കെ കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വർഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളിൽ വെച്ച് ബോബിൻ കൊലപ്പെടുത്തിയത്. ജേക്കബ് വർഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്.
