പെൻസ്‌റ്റോക് പൈപ്പിൽ ചോർച്ചയെന്ന് ആശങ്ക സ്വകാര്യ റിസോര്‍ട്ടിന്‍റെ പൈപ്പ് പൊട്ടിയൊഴുകി മണിക്കൂറുകള്‍ ഭീതിയുടെ മുനമ്പില്‍ പ്രദേശവാസികള്‍

ഇടുക്കി: പെൻസ്‌റ്റോക് പൈപ്പിൽ ചോർച്ചയെന്ന് ആശങ്ക, ഒടുവിൽ സത്യം അറിഞ്ഞപ്പോൾ ആശ്വാസം. കുറച്ച് സമയത്തേക്ക് ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവമാണ് ചൊവ്വാഴ്ച്ച മൂന്നാറിന് സമീപം പള്ളിവാസലിൽ നടന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ പൈപ്പ് ലൈനിന് സമീപം ഫോട്ടോ എടുക്കാൻ ഏത്തിയ വിനോദ സഞ്ചാരികളാണ് പെൻസ്‌റ്റോക് പൈപ്പിന് പുറത്ത് ജലം ഒഴുകുന്നത് കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ ഉയർന്ന തോതിൽ ജലം പുറത്ത് വരാൻ തുടങ്ങി. സമീപ വാസികളും വിവരം അറിഞ്ഞു. 

ഇതോടെ പെൻസ്റ്റോക്ക് പൈപ്പിൽ ചോർച്ചയെന്ന വാർത്ത നാടാകെ പരന്നു. 2007 ലെ പന്നിയാർ പെൻസ്‌റ്റോക് ദുരന്തമാണ് എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തിയത്. സമീപ വാസികൾ പലരും സ്ഥലത്തു നിന്ന് ഒഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. ചോർച്ച കൂടി വന്നതോടെ നാട്ടുകാരിൽ ചിലർ ചോർച്ചയുള്ള ഭാഗത്തു പരിശോധന നടത്തിയതോടെയാണ് ആശ്വാസം പകരുന്ന വാർത്ത എത്തിയത്. ചോർച്ച പെൻസ്‌റ്റോക് പൈപ്പിൽ അല്ലായിരുന്നു. 

പെൻസ്‌റ്റോക് പൈപ്പിന് അടിയിലൂടെ സ്വകാര്യ റിസോർട്ടുകൾ സ്ഥാപിച്ച പൈപ്പ് തകർന്നാണ് ജലം പെൻസ്റ്റോക്ക് പൈപ്പിന് മുകളിലൂടെ ഒഴുകിയത്. എന്നാല്‍ ഒരു പ്രദേശമാകെ ആശങ്കയിലായിട്ടും വൈദ്യുതി വകുപ്പ് അധികൃതർ സംഭവം അറിഞ്ഞില്ല. വളരെ സുരക്ഷാ പ്രാധാന്യമുള്ള പെൻസ്റ്റോക്ക് പെപ്പുകൾക്ക് മുകളിലും താഴെയുമായി സ്വകാര്യ റിസോർട്ടുകൾ അവരുടെ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ വരുന്ന ചെറിയൊരു അശ്രദ്ധ മതി വൻ ദുരന്തമുണ്ടാകാൻ.