കന്ന‍ഡ വാരികയായിരുന്ന ഗൗരി ലങ്കേഷ് പത്രിക വീണ്ടും പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് മേവാനി. ന്യായ പാത എന്ന പേരില്‍ ഗൗരിയുടെ എല്ലാ ആശയങ്ങളും പിന്തുടരുന്നതായിരിക്കും പുതിയ ടാബ്ലോയിഡ്

ബംഗളൂരു: ജീവിച്ചിരുന്നിരുന്നെങ്കില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും നരേന്ദ്ര മോദി സര്‍ക്കാര്‍ അര്‍ബന്‍ നക്സല്‍ ആക്കി ചിത്രീകരിക്കുമായിരുന്നുവെന്ന് ഗുജറാത്തിലെ വാഡ്ഗം മണ്ഡ‍ലത്തില്‍ നിന്നുള്ള എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി.

എഴുത്തുകളിലൂടെ പാവങ്ങള്‍ക്ക് വേണ്ടി പോരാടിയ ധീരവനിതയായിരുന്നു ഗൗരി ലങ്കേഷെന്നും മേവാനി പറഞ്ഞു. മഹാരാഷ്‍ട്രയ്ക്ക് ദബോല്‍ക്കര്‍ ആരായിരുന്നുവോ അങ്ങനെ തന്നെയായിരുന്നു കര്‍ണാടകയ്ക്ക് ഗൗരിയും. എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന പ്രധാനമന്ത്രിയുടെ തന്ത്രങ്ങള്‍ക്കെതിരെ ഗൗരി ലങ്കേഷിന്‍റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഒന്നിച്ച് നില്‍ക്കണമെന്നും ബംഗളൂരുവില്‍ മോവാനി പറഞ്ഞു.

കന്ന‍ഡ വാരികയായിരുന്ന ഗൗരി ലങ്കേഷ് പത്രിക വീണ്ടും പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് മേവാനി. ന്യായ പാത എന്ന പേരില്‍ ഗൗരിയുടെ എല്ലാ ആശയങ്ങളും പിന്തുടരുന്നതായിരിക്കും പുതിയ ടാബ്ലോയിഡ്. തന്നെ മകനായാണ് അവര്‍ കണ്ടിരുന്നത്. കര്‍ണാടകയില്‍ എപ്പോള്‍ വന്നാലും മറ്റെവിടെയും താമസിക്കാന്‍ വിടാതെ അവരുടെ വീട്ടില്‍ തങ്ങാനായി നിര്‍ബന്ധിച്ചിരുന്നു.

അവരുടെ എഴുത്തുകളില്‍ ആര്‍എസ്എസിന് ദേഷ്യമുണ്ടായിരുന്നതായി ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് കൃത്യം 14 ദിവസം മുമ്പ് തന്നോട് പറഞ്ഞിരുന്നു. എങ്കിലും എതിര്‍ ശബ്ദം ഉയര്‍ത്തിയതിന് തീവ്ര വലത് പക്ഷവാദികള്‍ അവരെ കൊലപ്പെടുത്തുമെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് ഭീഷണികള്‍ നേരിടുകയാണ്. അവരുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ വലത് പക്ഷ അജണ്ടകള്‍ക്കെതിരെ പൊരുതാമെന്നും ജിഗ്നേഷ് മോവാനി പറഞ്ഞു.