ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിതദ്യനാഥും തമ്മില്‍ തുടരുന്ന വാക് പോര് കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും മറുപടിയുമായി സിദ്ധരാമയ്യ. നേരത്തേ സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കില്‍ അദ്ദേഹം എന്തിനാണ് ബീഫ് കഴിക്കുന്നതിനന്റെ വക്താവാകുന്നതെന്ന് യോഗി ആദിത്യനാഥ് ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സിദ്ധരാമയ്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

ധാരാളം ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നുണ്ട്. കഴിക്കണമെന്ന് തോന്നിയാല്‍ താന്‍ കഴിക്കും. അവരാരാണ് തന്നോട് ബീഫ് കഴിക്കരുതെന്ന് പറയാന്‍ എന്നുമായിരുന്നു ആദിത്യനാഥിന്റെ ആരോപണത്തോട്് സിദ്ധരാമയ്യയുടെ പ്രതികരണം. ബീഫ് കഴിക്കുന്നില്ലെങ്കില്‍ അത് തനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രമാണ്. തങ്ങളെ പഠിപ്പിക്കുന്നതിന് മുമ്പ് സ്വാമി വിവേകാനന്ദന്‍ കശാപ്പിനെ കുറിച്ച് പറഞ്ഞതെന്തെന്ന് യോഗി വായിക്കണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ച രാഹുല്‍ഗാന്ധിയുടെ പാതയാണ് സിദ്ധരാമയ്യ പിന്തുടരുന്നതെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. ബംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. 'മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ഞാന്‍ കണ്ടു. ഹിന്ദുക്കളുടെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപോലെ ഇപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ച് സിദ്ധരാമയ്യ സംസാരിക്കുന്നത്' റാലിയില്‍ സിദ്ധരാമയ്യയ്ക്ക് നേരെ യോഗി ആദിത്യനാഥ് ആരോപണമുന്നയിച്ചിരുന്നു.