വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പുകാലത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രഹസ്യരേഖകള്‍ ചോര്‍ത്തിയത് റഷ്യയായിരിക്കാം എന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ മറ്റ് രാജ്യങ്ങളും അമേരിക്കയുടെ രഹസ്യരേഖകള്‍ ചോര്‍ത്താറുണ്ടെന്നും ട്രംപ് പറഞ്ഞു. തനിക്ക് നിരവധി സ്‌ത്രീകളുമായുള്ള ബന്ധം തെളിയിക്കുന്നതടക്കമുള്ള രേഖകള്‍ റഷ്യയുടെ പക്കലുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടത് രഹസ്യാന്വേഷണ ഏജന്‍സികളാകാമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇത്തരം തെറ്റായ വാര്‍ത്തകള്‍ പുറത്തുവിട്ടത് ഏജന്‍സികളാണെങ്കില്‍ അവരുടെ ചരിത്രത്തിന് തന്നെ കളങ്കം ചാര്‍ത്തുന്നതാകും സംഭവമെന്നും ട്രംപ് പറഞ്ഞു. റഷ്യ തന്നെ തനിക്കെതിരായ ആരോപണം നിഷേധിച്ചെന്നും ഇക്കാര്യത്തില്‍ പ്രസിഡന്‍റ് പുചിനോട് ആദരവുണ്ടെന്നും ട്രംപ് പറഞ്ഞു.
റഷ്യയുടെ കയ്യില്‍ എനിക്കെതിരായ രേഖകളുണ്ടായിരുന്നുവെങ്കില്‍ അവര്‍ അത് പുറത്തുവിട്ടേനെ. പുചിന്‍, ട്രംപിനെ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അത് മുതല്‍ക്കൂട്ടാണെന്നും ബാധ്യതയല്ലെന്നും ട്രംപ് പറഞ്ഞു. ഐസിസിനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്ക് അമേരിക്കയെ സഹായിക്കാനാവുമെന്ന് പറഞ്ഞ ട്രംപ് ഒബാമ സര്‍ക്കാരാണ് ഐസിസിനെ സൃഷ്ടിച്ചതെന്നും ആരോപിച്ചു.
