തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിലെ സംഭവങ്ങള്‍ ഐജി മനോജ് എബ്രഹാം അന്വേഷിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. പുറത്തുനിന്ന് എത്തിയ ആളുകളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇതും ഐജി അന്വേഷിക്കുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഈ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്രക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും ബെഹ്റ പറഞ്ഞു. ജിഷ്ണുവിന്റെ ബന്ധുക്കളോട് ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. കുടുംബത്തിലെ അഞ്ചുപേര്‍ക്ക് തന്നെ കാണാന്‍ അനുമതി നല്‍കിയിരുന്നതായും ഡിജിപി പറഞ്ഞു.
ഇന്നു രാവിലെയാണ് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മയും കുടുംബാംഗങ്ങളും സമരം ചെയ്യാനെത്തിയത്. എന്നാല്‍ പിന്നീട് ഇവിടെ സമരം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഷ്‌ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ മഹിജയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ കഴിയുന്ന ജിഷ്‌ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കാനെത്തിയ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ പ്രതിഷേധമുണ്ടായി. പേരൂര്‍ക്കട ആശുപത്രിയ്ക്ക് മുന്നില്‍വെച്ച് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡി ജി പി ആശുപത്രിയിലെത്തിയത്. ഡി ജി പി പിന്നീട് മഹിജയെ സന്ദര്‍ശിച്ച് നേരത്തെ ഐ ജി മനോജ് എബ്രഹാം എത്തിയപ്പോഴും ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
