ക്വാറിക്കെതിരെ നടപടിയെടുക്കരുതെന്ന് ഉന്നതര്‍ കലക്ടറോട് ആവശ്യപ്പെട്ടതായി ആരോപണം

വയനാട്: വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും കൊടുമുടി കയറിയ ബാണാസുരയിലെ അനധികൃത ക്വാറിക്കെതിരെ നടപടി വൈകുന്നതിനൊപ്പം സബ് കലക്ടറെ മാറ്റാനും അണിയറനീക്കം. സബ് കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി അളന്ന് തിരിക്കുന്നതിന് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയതോടെയാണ് സബ് കലക്ടറെ മാറ്റാന്‍ നീക്കം നടക്കുന്നത്. ഭരണപക്ഷത്തെ ചില ഉന്നതനേതാക്കളാണ് നീക്കത്തിന് പിന്നിലെന്നാണ് ആരോപണം. ഭരണമുന്നണിയിലെ പ്രമുഖകക്ഷിയുടെ നേതാക്കള്‍ ഇടപെട്ട് ക്വാറിക്കെതിരെ തത്കാലം നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ടതായി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. 

നേരത്തെ അനുവദിച്ച പട്ടയ സ്‌കെച്ചില്‍ ക്വാറിയുള്ള പ്രദേശത്തെ ഭൂമി പുനര്‍നിര്‍ണയിക്കാന്‍ നടപടിയായിരുന്നു. എന്നാല്‍ സ്‌കെച്ചില്‍ ആവശ്യമായ അളവുകള്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഭൂമി പുനര്‍നിര്‍ണയിക്കാന്‍ നിര്‍വാഹമില്ലെന്ന് കാണിച്ച് ഈ മാസം ഒന്നിന് ജില്ല സര്‍വേ സൂപ്രണ്ട് കലക്ടര്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഭൂമി അളന്ന് വേര്‍തിരിക്കുന്നത് റവന്യൂ വകുപ്പിനെ തന്നെ ഏല്‍പിക്കാനായിരുന്നു സൂപ്രണ്ടിന്റെ നിര്‍ദേശം. 

മുമ്പ് റവന്യൂ വകുപ്പ് നല്‍കിയ സ്‌കെച്ചില്‍ ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂമി കൃത്യമായി അളന്ന്, സര്‍ക്കാര്‍ ഭൂമി വേര്‍തിരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ സര്‍വേ വകുപ്പ് ഈ നടപടിയില്‍ നിന്നും പിന്തിരിയുകയായിരുന്നു. ഇത് അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുന്ന ചില ഉദ്യോഗസ്ഥരാണ് വിവാദ സ്‌കെച്ച് തയാറാക്കിയതിന് പിന്നിലെന്ന് ആരോപണമുണ്ട്. ഇവരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് ഇപ്പോള്‍ രാഷ്ട്രീയ ഇടപെടലിലൂടെ സബ് കലക്ടര്‍ക്കെതിരെ നീക്കം നടക്കുന്നത്. 

ആദിവാസികളടക്കമുള്ളവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്, ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും സബ് കലക്ടര്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ജനുവരി 24-ന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. വെള്ളമുണ്ട വില്ലേജില്‍ വാളാരംകുന്ന് കൊയ്റ്റപാറ കുന്നില്‍ പ്രവര്‍ത്തിക്കുന്ന അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് എന്ന ക്വാറിക്കെതിരെ വെള്ളമുണ്ട വില്ലേജ് ഓഫിസറും ഒരു മാസം മുമ്പ് സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്ന് വില്ലേജ് ഓഫിസറെ മാറ്റാനുള്ള നീക്കവും നടന്നു.