തൃശൂര്‍: തൃശൂരിൽ എക്സൈസ് പരിശോധനയിൽ നൂറു കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ച് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പരിശോധനയിൽ 10 ലിറ്റർ വ്യാജമദ്യവും പിടികൂടി. ലഹരി മരുന്ന് വിൽപനയ്ക്കെതിരെ തൃശൂർ ചേർപ്പ് എക്സൈസ് നടത്തിയ ഓപ്പറേഷൻ വിമുക്തിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
പഴുവിൽ, പെരിങ്ങോട്ടുകര,ഒല്ലൂർ എന്നീ സ്ഥലങ്ങളിൽ നിന്നാണ് 104 കിലോ വരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. പാൻമസാലയും പശ രൂപത്തിലുള്ള ലഹരി വസ്തുക്കളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചു പേരെ പൊലീസ് പിടികൂടി. തൃശൂർ മെഡിക്കൽ കോളജ് പരിസരത്ത് കോലഴി എക്സൈസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറുകളിലാക്കി വിൽക്കുന്ന വ്യാജമദ്യം പിടികൂടി.
അമ്പത് പാക്കറ്റുകളിലായി ഏഴര ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. 25 പാക്കറ്റ് വീതമുള്ള രണ്ട് പാഴ്സൽ പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇത് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ച് വിൽപന നടത്താൻ നിർമ്മിച്ചതാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.
