തിരുവനന്തപുരം: ഐഎംഎ പാലോട് സ്ഥാപിക്കുന്ന ആശുപത്രി മാലിന്യ സംസ്ക്കരണ പ്ലാന്റിന് വേണ്ടി നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടറുടെ തീരുമാനം. നാളെ മുതൽ സ്ഥിരം സമരപ്പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. ഇനി എല്ലാം സർക്കാർ തീരുമാനിക്കട്ടെയെന്നാണ് ഐഎംഎ 

അണ്ണാമലൈ സർവ്വകലാശാലയാണ് ഐഎംഎക്ക് വേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പഠനസംഘത്തിൽ പരിസ്ഥിതി പഠന വിദഗ്ധർ ഇല്ലെന്ന ആക്ഷേപം പരിസ്ഥിതി പ്രവർത്തകർ നേരത്തെ ഉന്നയിച്ചിരുന്നു. പദ്ധതി പ്രദേശത്തിന് അടുത്തുള്ള പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനെ ഒഴിവാക്കിയതും വിവാദമായിരുന്നു. 

പ്ലാന്റിന് പച്ചക്കൊടി കാട്ടുന്ന റിപ്പോർട്ട് തള്ളണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയുടെയും നാട്ടുകാരുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് പരിശോധിക്കാനുള്ള കലക്ടറുടെ തീരുമാനം. ടിബിജിആർഐയുടെ പരിശോധനാ റിപ്പോർട്ട് കൂടി ചേർത്തായിരിക്കും കലക്ടർ സർക്കാറിന് അന്തിമ റിപ്പോർട്ട് നൽകുക. 

അനുമതിക്കുള്ള അപേക്ഷ മുന്നിലുള്ള സർക്കാർ തീരുമാനം എടുക്കട്ടയെന്നാണ് കോഴിക്കോട് ചേർന്ന ഐഎംഎ നേതൃയോഗത്തിന്റെ നിലപാട് . അതിനിടെ പ്ലാന്റിനെതിരെ നാള മുതൽ സമരം കൂടുതൽ ശക്തമാക്കാൻ അഗസ്ത്യമല കൺസർവേഷൻ ഫോറം പ്രഖ്യാപിച്ചു.