16 വര്‍ഷത്തെ മിച്ച ബജറ്റുകള്‍ക്ക് ശേഷമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 ലക്ഷം കോടി ഡോളറിന്റെ കമ്മി ബജറ്റ് കുവൈറ്റിന് അവതരിപ്പിക്കേണ്ടിവന്നത്. ബജറ്റ് കമ്മി കുറയ്ക്കാന്‍ ഒപെക് അംഗമായ കുവൈറ്റ് നിരവധി കര്‍ശന നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഡീസല്‍, പെട്രോള്‍ എന്നിവയക്ക് അടക്കം നല്‍കി വന്നിരുന്ന നിരവധി സബ്‌സിഡികള്‍ എടുത്തു കളഞ്ഞിരുന്നു. ഇത്രയൊക്കെ പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അടുത്ത ആറ് വര്‍ഷത്തേക്ക് ബജറ്റ് കമ്മി നികത്താന്‍ കുവൈറ്റിന് 116 ലക്ഷംകോടി ഡോളര്‍ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വ്യക്തമാക്കുന്നു. 

സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളുണ്ടെങ്കിലും കുവൈറ്റിന്റെ സാമ്പത്തികവും വിദേശിയവുമായ അക്കൗണ്ടുകള്‍ ശ്രദ്ധേയമായ വിധത്തില്‍ ഇടിഞ്ഞിരിക്കുകയാണ്. കൂടുതല്‍ സബ്‌സിഡി പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഊര്‍ജ മേഖലയില്‍ നല്‍കുന്ന സബ്‌സിഡികള്‍ ഇനിയും വെട്ടിക്കുറയ്ക്കാവുന്നതാണ്. കഴിഞ്ഞ ബജറ്റില്‍ ഏഴു ലക്ഷംകോടി ഡോളറാണ് ഈയിനത്തില്‍ വരവ് പ്രതീക്ഷിച്ചത്. വേതനം നിയന്ത്രിക്കണമെന്നും പെട്രോളിതര വരുമാനം വര്‍ധിപ്പിക്കണമെന്നും ഐഎംഎഫ് നിര്‍ദേശിക്കുന്നു. സബ്‌സിഡി പരിഷ്‌കരണം, വേതന നിയന്ത്രണം, ചെലവുകള്‍ പകുതിയാക്കി ചുരുക്കല്‍ തുടങ്ങിയവയ്ക്കായി തയാറാക്കിയ വിശദമായ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഈ പ്ലാനുകള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയില്ല. ആഭ്യന്തരവും രാജ്യാന്തരവുമായ ബോണ്ടുകള്‍ പുറത്തിറക്കി 16.6 ലക്ഷംകോടി ഡോളര്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 29 ലക്ഷംകോടി ഡോളറാണ് ബജറ്റ് കമ്മിയായി കണക്കാക്കിയിരിക്കുന്നത്.