കൊച്ചി: ബാങ്കുകൾ പലിശ നിരക്ക് കുറച്ചതിന്‍റെ ഫലം പുതിയ വായ്പകളിൽ പ്രതിഫലിച്ച് തുടങ്ങി. എന്നാൽ നിലവിലെ വായ്പകൾക്ക് ഇളവ് ലഭിക്കണമെങ്കിൽ ഉപഭോക്താവ് ബാങ്കിനെ സമീപിക്കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് 0.90 ശതമാനം കുറച്ചപ്പോൾ മറ്റ് ബാങ്കുകളും സമാന പാതയിലേക്ക് നീങ്ങി. എസ്ബിഐയുടെ പുതിയ ഭവന വായ്പ പലിശ നിരക്ക് 8.25%. എന്നാൽ ജനുവരി രണ്ടിന് മുന്പ് വായ്പയെടുത്തവർക്ക് പലിശ കുറച്ചതിന്‍റെ ആനൂകൂല്യം ലഭിക്കണമെങ്കിൽ ഉപഭോക്താവ് ബാങ്കിലെത്തി എംസിഎൽആർ മാറ്റുന്നതിനുള്ള ഫോം പൂരിപ്പിച്ച് നൽകണം. 

ഫ്ലോട്ടിംഗ് വായ്പ എടുത്തവർക്ക് ഇതിന് പിന്നാലെ ആനുകൂല്യം ലഭിക്കും. വായ്പ ലോക്കിംഗ് പീരിയഡിലാണെങ്കിൽ പലിശ കുറയണമെങ്കിൽ കരാർ പുതുക്കണം. മൂന്ന് മാസം കൂടുന്പോഴോ വർഷത്തിലൊരിക്കലോ മാത്രം വായ്പ കരാർ പുതുക്കുന്നതാണ് ലോക്കിംഗ് പിരീഡ്. വായ്പ ഫിക്സഡാണെങ്കിൽ ആനൂകൂല്യം ലഭിക്കില്ല. എന്നാൽ വായ്പ നൽകാൻ ബാങ്കുകൾ തമ്മിൽ മത്സരം ശക്തമായതിനാൽ പലിശ കുറയാൻ പഴയപോലെ ബുദ്ധിമുട്ടുണ്ടാകില്ലെന്നും വിലയിരുത്തലുണ്ട്.

പലിശ കുറഞ്ഞാലും ഇഎംഐ നിരക്കിൽ മാറ്റം വരുത്താൻ ചില ബാങ്കുകൾ തയ്യാറായേക്കില്ല. അങ്ങിനെയെങ്കിൽ വായ്പ തിരിച്ചടവ് കാലവധി കുറയും. എസ്ബിഐയിൽ നിന്ന് 50 ലക്ഷം രൂപ 25 വർഷത്തേക്ക് വായ്പ എടുത്തയാൾക്ക് പുതിയ സാഹച്യത്തിൽ തിരിച്ചടവ് 20 വർഷമായി ചുരുങ്ങും. വാഹന വായ്പ ഫ്ലോട്ടിംഗ് നിരക്കിൽ പലിശ നിരക്ക് ഏഴ് ശതമാനം വരെയായി കുറയും. വിദ്യാഭ്യാസ വായ്പ തിരിച്ചടിവിലും സമാനമായ ഇളവ് ലഭിക്കും.