പ്രതിപക്ഷനേതാക്കൾക്കിടയിൽ ധാരണം തൃണമൂൽ നിലപാട് നാളെ തീരുമാനിക്കും
ദില്ലി: സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷൻ തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാൻ പ്രതിപക്ഷ നേതാക്കൾക്കിടയിൽ ധാരണ. തൃണമൂൽ കോൺഗ്രസ് നിലപാട് നാളെ തീരുമാനിക്കുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെൻറ് നോട്ടീസ് നാളെ നല്‍കാനാണ് പ്രതിപക്ഷ ധാരണ. രാവിലെ യോഗം ചേർന്ന ശേഷമേ ഇക്കാര്യത്തിൽ അവസാന തീരുമാനമാകൂ. തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പു വച്ചിട്ടില്ല. സമാജ് വാദി പാർട്ടിയും പിന്തുണച്ചിട്ടില്ല. ഇവരുടെ പിന്തുണ കൂടി കിട്ടാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.
നാളെ തീരുമാനമെടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. നോട്ടീസ് അംഗീകരിക്കാനും തള്ളാനും രാജ്യസഭാ അദ്ധ്യക്ഷന് വിവേചന അധികാരമുണ്ട്. നോട്ടീസ് തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കും എന്നാണ് പ്രതിപക്ഷ നേതാക്കൾ നല്‍കുന്ന സൂചന. ഭരണഘടനയുടെ 105ആം അനുച്ഛേദം പാർലമെൻറിന് നല്‍കുന്ന അവകാശങ്ങൾ ജുഡീഷ്യറിയുടെ ഇടപെടൽ നിയന്ത്രിക്കുന്നതാണ്.
എന്നാൽ ഇത് പാർലമെൻറ് നടപടി എന്നതിനെക്കാൾ ഭരണപരമായ വിഷയമാണെന്നാണ് പ്രതിപക്ഷ നേതാക്കൾക്ക് കിട്ടിയിരിക്കുന്ന നിയമോപദേശം. സുപ്രീംകോടതിയിൽ ഈ കേസ് എത്തിയാൽ ആര് ഇത് പരിഗണിക്കും എന്നത് പ്രധാനമാകും. ചീഫ് ജസ്റ്റിസിനെതിരായ നോട്ടീസ് ആയതിനാൽ അദ്ദേഹം മാറി നിന്ന് മറ്റൊരു ബഞ്ചിന് നല്കണം. കൊളീജിയത്തിലെ മറ്റു നാലുപേരും ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തിയവരാണ്. ഫുൾകോർട്ട് ചേർന്ന് ഇക്കാര്യം പരിഗണിക്കണം എന്ന നിർദ്ദേശവും ഉയർന്നേക്കാം
