നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്‍റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളി. നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

 ഇംപീച്ച്മെന്‍റ് നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയ്ക്കെതിരെ നേരത്തെ തന്നെ ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നും ഇതിന്‍റെ പേരില്‍ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിക്കളായാമെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലിപ്പോള്‍ ഇംപീച്ച്മെന്‍റ് നടത്താന്‍ തക്ക ശക്തമായ ആരോപങ്ങളൊന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയിരിക്കുന്നത്. 

രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ അത്തരമൊരു ഹര്‍ജിയുമായി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചാല്‍ അത് പരിഗണിക്കുക ചീഫ് ജസ്റ്റിസായിരിക്കും എന്ന സങ്കീര്‍ണമായ സാഹചര്യം മുന്നിലുണ്ട്. സ്വാഭാവികമായും നാടകീയമായ രംഗങ്ങളാവും കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയാല്‍ കാണേണ്ടി വരിക. 

ദീപക് മിശ്രയ്ക്കെതിരെ നേരത്തെ തന്നെ ഇംപീച്ച്മെന്‍റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നുവെങ്കിലും അത് എവിടെയുമെത്തിയിരുന്നില്ല. പിന്നീട് ജസ്റ്റിസ് ലോയ വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചതോടെയാണ് അദ്ദേഹത്തിനെതിരായ ഇംപീച്ച്മെന്‍റ് നീക്കം കോണ്‍ഗ്രസ് വേഗത്തിലാക്കിയത്.

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് ഇംപീച്ച്മെന്‍റിന് ആധാരമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഈ കേസില്‍ യുപി ഹൈക്കോടതി ജഡ്ജിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചില ഇടനിലക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ബന്ധപ്പെടുത്തി ചില മൊഴികള്‍ അവര്‍ നല്‍കുകയും ചെയ്തു. പിന്നീട് ഈ കേസില്‍ കോഴയില്‍ ഉള്‍പ്പെട്ട കോളേജിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായതും ദീപക് മീശ്രയെ സംശയനിഴലിലാക്കി. ഈ കേസ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ഭരണഘട ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടിരുന്നുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ട് കേസ് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെതിരെ കടുത്ത ആരോപണങ്ങളുമായി സഹജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്. 

തനിക്കെതിരെ സഹന്യായാധിപന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി ആരോപണം ഉന്നയിച്ചിട്ടും, പ്രതിപക്ഷ കക്ഷികള്‍ ഇംപീച്ച്മെന്‍റ് നോട്ടീസ് കൊണ്ടുവന്നിട്ടും അവയെ നേരിട്ടു മുന്‍പോട്ട് പോകുക എന്ന നിലപാടാണ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ചിരുന്നത്. ഇതിനെതിരെ മുതിര്‍ന്ന അഭിഭാഷകരടക്കമുള്ള നിയമവിദഗ്ദ്ധര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ദീപക് മിശ്ര ഉള്‍പ്പെട്ട് ബെഞ്ചിന് മുന്‍പില്‍ ഇനി ഹാജരാവില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ വ്യക്തമാക്കിയിട്ടുണ്ട്.