സർക്കാർ ഉടമസ്ഥതയിലുള്ള 100 ഓളം വാഹനങ്ങളാണ് ലേലത്തിനായി വച്ചിരിക്കുന്നത്. വാഹനങ്ങൾ ഉപയോ​ഗിക്കുന്നത് മൂലമുണ്ടാകുന്ന ചെലവ് ചുരുക്കുന്നതിനാണ് ലേലം വിളിച്ചതെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. 

ഇസ്ലാമാബാദ്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഡംബര കാറുകൾ ലേലം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സർക്കാർ ഉടമസ്ഥതയിലുള്ള 100 ഓളം വാഹനങ്ങളാണ് ലേലത്തിനായി വച്ചിരിക്കുന്നത്. വാഹനങ്ങൾ ഉപയോ​ഗിക്കുന്നത് മൂലമുണ്ടാകുന്ന ചെലവ് ചുരുക്കുന്നതിനാണ് ലേലം വിളിച്ചതെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. 

നൂറ് കോടി വിലയുള്ള നാല് ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് അടക്കം 115 കോടിയോളം വിലമതിക്കുന്ന വാഹനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നതെന്ന് ലേല ഉദ്യോഗസ്ഥനായ മുഹമ്മദ് ആസിഫ് റോയിട്ടേഴ്സിനോട് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് അതിന്റെ യഥാർത്ഥ ഉടമകൾക്ക് കൊടുക്കുക എന്ന പ്രധാനമന്ത്രിയുെട പുതിയ പദ്ധതിയുടെ ഭാ​ഗമായാണ് ലേലം പ്രഖ്യാപിച്ചതെന്നും ആസിഫ് കൂട്ടിച്ചേർത്തു.

അതേസമയം ഇമ്രാൻ ഖാന്റെ പുതിയ നടപടികളിൽ പ്രതിഷേധം ശക്തമാണ്. പുതിയ സർക്കാരിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്ന നടപടികൾ, ലാഭമുണ്ടാക്കുന്നതിനേക്കാൾ കൂടുതൽ പ്രതീകാത്മകമാണെന്നാണ് വിമർശകരുടെ വാ​ദം. ചെലവ് ചുരുക്കൽ മിക്കപ്പോഴും സർക്കാരുകളുടെ ഛായം പൂശൽ മാത്രമാണ്. നിലവിൽ പ്രഖ്യാപിച്ച ലേലത്തിൽ പുതുതായൊന്നും ഇല്ലെന്നും രാഷ്ട്രീയ വിമര്‍ശക റാസ റൂമി പറയുന്നു.