ലാഹോര്‍: സോഷ്യല്‍ മീഡിയയയില്‍ കണ്ണുംപൂട്ടി പോസ്റ്റിട്ടാല്‍ പിന്നെ ട്രോളര്‍മാരുടെ ഇരയായി മാറും. ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മുന്‍ പാക്ക് ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍.

ഇന്ത്യയിലെ രാഷ്ടീയക്കാരെ പരിഹസിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്വയം പരിഹാസ്യനായി ഒതുങ്ങിപ്പോയിരിക്കുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് എന്ന പേരില്‍ നവമാധ്യമങ്ങളില്‍ ഒരുകാലത്ത് പ്രചരിച്ച ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇമ്രാന്‍ ഖാന്‍ നാണം കെട്ടത്.

ട്വീറ്റിന്‍റെ തുടക്കം മുതല്‍ ഇമ്രാന്‍ ഖാന് പിഴച്ചിരുന്നു. ജയലളിതയ്ക്ക് പകരം ശശികല എന്ന പറഞ്ഞാണ് ഇമ്രാന്റെ തെറ്റ് തുടങ്ങുന്നത്. 'രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രശസ്ഥയായ നടി ശശികലയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ പണവും സ്വര്‍ണവും' എന്ന് കാണിച്ചാണ് ട്വിറ്റ് വന്നിരിക്കുന്നത്. വളരെ അടുത്തിടയ്ക്ക് മരിച്ചു എന്ന വിഡ്ഢിത്തവും മുഴക്കിയിരുന്നു. 

എന്നാല്‍ ട്വീറ്റ് വൈറലായതോടെ നിരവധിയാളുകള്‍ പാക്ക് രാഷ്ട്രീയ നേതാവിന് തിരുത്തലുമായി രംഗത്ത് വന്നിരുന്നു. അമളിപറ്റിയത് മനസ്സിലായതോടെ ട്വിറ്റ് പിന്‍വലിച്ച് രംഗത്ത് വരികയും ചെയ്തു.