ബെംഗളുരു: ഇരുപതിലധികം യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി മോഹൻ കുമാറിന്റെ വധശിക്ഷ കർണാടക ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. എട്ട് വർഷം മുമ്പ് മംഗളൂരു സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് സംശയത്തിന്റെ ആനുകൂല്യം നൽകി ശിക്ഷയിളവ് നൽകിയത്.
വിവാഹ വാഗ്ദാനം നൽകി യുവതികളെ കെണിയിൽ വീഴ്ത്തും. വിവിധയിടങ്ങളിൽ ഹോട്ടലുകളിലെത്തിച്ച് ഉപയോഗിക്കും. സയനൈഡ് പുരട്ടിയ ഗർഭനിരോധന ഗുളിക നൽകി കൊലപ്പെടുത്തും. ആഭരണങ്ങൾ കവരും. സയനൈഡ് മോഹനെന്ന കുറ്റവാളിയുടെ പതിവായിരുന്നു ഇത്. 32 പേരെ ഇങ്ങനെ കൊന്നുവെന്ന് ഇയാളുടെ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിന്റെ കണക്ക് 20 കൊലപാതകങ്ങൾ. അതിൽ മംഗളൂരുവിലെ ഒരു കേസിലാണ് ഹൈക്കോടതി ശിക്ഷയിളവ് നൽകിയിരിക്കുന്നത്. ബന്ത്വാളിലെ ഇരുപത്തിരണ്ടുകാരിയെ കാണാതായതിനെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് മോഹൻ കുമാർ പിടിയിലാകുന്നത്. ഹാസൻ ബസ്റ്റാന്‍റിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്.അവരുടെ ഫോൺവിളികൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ മോഹൻ അറസ്റ്റിലായി.ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത് പൊലീസിനെ ഞെട്ടിച്ച വിവരങ്ങൾ. മോഹൻ കുമാറിനെ വിളിച്ചിരുന്ന കാസർഗോഡ് സ്വദേശിനി പുഷ്പ, മടിക്കേരിയിലെ കാവേരി,ആന്ധ്ര പുത്തൂരിലെ വിനിത എന്നിവരെയും കാണാനില്ലെന്ന് കണ്ടെത്തി. ഇവരെയെല്ലാം സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് മോഹൻ സമ്മതിച്ചു. കൊല്ലപ്പെട്ടവരെല്ലാം മുപ്പതിൽ താഴെ പ്രായമുളള യുവതികൾ. ബസ്റ്റാന്‍ഡുകളിലെ ശുചിമുറികളിലാണ് മൃതദേഹങ്ങളെല്ലാം കണ്ടെത്തിയത്. മൈസൂരുവിൽ എട്ടെണ്ണം, ബെംഗളൂരു മജസ്റ്റിക്കിൽ അഞ്ചെണ്ണം.പലതും ആത്മഹത്യയും അസ്വാഭാവിക മരണവുമായി എഴുതിത്തളളിയവ.മോഹന്‍രെ അറസ്റ്റ് എല്ലാത്തിനും തുമ്പുണ്ടാക്കി.ആന്ധ്ര സ്വദേശിനിയെ കൊന്ന കേസിൽ മംഗളൂരുവിലെ കോടതി കഴിഞ്ഞ മാസം ജീവപര്യന്തം വിധിച്ചിരുന്നു.ബന്ത്വാൾ കേസിൽ വധശിക്ഷയും.ഇത് ഇളവ് ചെയ്യാനാണ് ഹൈക്കോടതിയിലെത്തിയത്.യുവതിയുടെ മരണം സയനൈഡ് കഴിച്ചാണെന്നതിനും താനാണ് നൽകിയത് എന്നതിനും തെളിവില്ലെന്നായിരുന്നു സയനൈഡ് മോഹന്‍റെ വാദം. വധശിക്ഷ ഇളവ് ചെയ്തെങ്കിലും ഇയാളെ ജയിലിന് പുറത്തുവിടരുതെന്ന് കോടതി നിർദേശം നൽകി.
