ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നാളെ സർവകക്ഷിയോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിലാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം. 

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനാണ് യോഗം. ഇത് രണ്ടാം തവണയാണ് മോദി സർക്കാരിന്‍റെ കാലത്ത് സർവകക്ഷിയോഗം വിളിക്കുന്നത്. ആദ്യത്തെ തവണ സർവകക്ഷിയോഗം വിളിച്ചത് സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ശേഷം നടന്നതിനെക്കുറിച്ച് വിശദീകരിക്കാനാണ്. 2016 സെപ്റ്റംബറിൽ നടന്ന അന്നത്തെ സർവകക്ഷിയോഗം ചർച്ചകൾ ലക്ഷ്യമിട്ടല്ല, മിന്നലാക്രമണം നടപ്പാക്കിയതെങ്ങനെയെന്ന വിശദീകരണം മാത്രമായിരുന്നു.

അതേസമയം, ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത് ദുഃഖത്തിന്‍റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ല. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും ഇന്ന് രാവിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്‍റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരതയുടെ ലക്ഷ്യം രാഷ്ട്രത്തെ വിഭജിക്കലാണ്. എന്നാൽ നമ്മൾ ഒരു നിമിഷം പോലും വിഭജിച്ച് നിൽക്കില്ല. നമ്മുടെ സൈനികർക്ക് നേരെ ഭയാനകമായ ഭീകരാക്രമണമാണ് നടന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ആവർത്തിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായെങ്കിലും രാഷ്ട്രീയ വിമർശനങ്ങൾ ഒന്നും ഉയർത്താൻ രാഹുൽ ഗാന്ധി തയ്യാറായില്ല. ഒരു ശക്തിക്കും ഈ രാജ്യത്തെ വിഭജിക്കാനും തകർക്കാനും ആകില്ലെന്നും കോൺഗ്രസ് പ്രസിഡന്‍റ് ആവർത്തിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി ഇന്ന് ഉച്ചയോടെ യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, ആഭ്യന്തരമന്ത്രി രാജനാഥ്സിങ്, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവൽ എന്നിവരും വിവിധ സൈനിക മേധാവിമാരും പങ്കെടുത്തു. 

പുല്‍വാമ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കി പാകിസ്താനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായതായാണ് വിവരം. ഇക്കാര്യം മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയും സ്ഥിരീകരിച്ചു. ഇതിനായുള്ള നീക്കങ്ങള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 

പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിച്ച അമേരിക്ക തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പുല്‍വാമ ആക്രമണത്തിന് ഇന്ത്യ സൈനികമായി മറുപടി കൊടുക്കുമോ എന്നതാണ് ആകാംക്ഷയോടെ ഉറ്റുനോക്കപ്പെടുന്ന കാര്യം. ഇതേക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലിന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനയുണ്ട്. സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. 

പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്താന് നല്‍കിയ സൗഹൃദരാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചിരിക്കുകയാണ്. വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്കുള്ള വ്യാപാരബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഇത്രയും ഹീനമായ കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തക്കതായ വില കൊടുക്കേണ്ടി വരുമെന്ന് ഇന്ത്യ ഉറപ്പിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.