ചെന്നൈ: കോടതിയലക്ഷ്യ കേസില്‍ തടവുശിക്ഷ ലഭിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ചെന്നൈയിലെത്തി. കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക സംഘമാണ് ചെന്നൈയിലെത്തിയത്. എന്നാല്‍ കര്‍ണന്‍ ചെന്നൈയിലെ വസതിയിലില്ലെന്ന് പോലീസ് അറിയിച്ചു. 

ഇതിനിടെ, ആന്ധ്രയിലെ കാളഹസ്തിയിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളതെന്നും ക്ഷേത്ര ദര്‍ശനത്തിനായി പോയിരിക്കുകയാണ് എന്നും സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ചയാണ് കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറു മാസം തടവിനു ജസ്റ്റീസ് കര്‍ണനെ ശിക്ഷിച്ചത്. കര്‍ണനെ ഉടന്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാനാണ് ഇന്ത്യന്‍ ജുഡീഷല്‍ ചരിത്രത്തിലെ അത്യപൂര്‍വ ഉത്തരവ്.