കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ യാഗത്തിന് ആയിരക്കണക്കിന് തവളകളെയാണ് കഴുത്ത് ഞെരിച്ച് കൊന്നൊടുക്കിയത്.
ബീഹാർ: തവള കരഞ്ഞാല്‍ മഴ പെയ്യുമെന്നത് കേരളത്തിലെ ഒരു വിശ്വാസമാണ്. എന്നാല്‍ ബിഹാറിലെ വിശ്വാസം മറ്റൊന്നാണ്. തവളകളെ ഉപയോഗിച്ച് യാഗം നടത്തിയാല്‍ മഴ പെയ്യുമെന്നാണ് അവരുടെ വിശ്വാസം. ബീഹാറിലെ 37 ജില്ലകളില്‍ 22 ജില്ലകളിലും 60 ശതമാനത്തില്‍ താഴെയാണ് മഴ ലഭ്യത.
ഇത്തവണത്തെ മണ്‍സൂണില്‍ 42 ശതമാനത്തോളം മഴ ലഭ്യത കുറഞ്ഞ ബിഹാറിലെ മഗദ്-ഗയ, ജെഹനബാദ്, ഔറംഗാബാദ്, നവാദ, ആര്‍വാള്‍ എന്നീ ജില്ലകളിലാണ് പൂജ നടന്നത്. ' ബെന്‍ഗ് കുത്‍നി ' എന്ന ആചാരപ്രകാരമാണ് യാഗം. ഈ യാഗത്തിന്‍റെ അവസാനം ആയിരക്കണക്കിന് തവളകളെ കുരുതി കൊടുക്കും. ഇങ്ങനെ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ യാഗത്തിന് ആയിരക്കണക്കിന് തവളകളെയാണ് കഴുത്ത് ഞെരിച്ച് കൊന്നൊടുക്കിയത്.
പാരമ്പര്യമായി കൈമാറി വന്ന ആചാരമായ ‘ബെന്‍ഗ് കുത്‍നി ' നടത്തുന്നത് കർഷകരായിരിക്കും. ഗ്രാമത്തിലെ സ്ത്രീകൾ ആദ്യം ഒരു കുഴി കുത്തും. ശേഷം പ്രദേശത്തിലെ മുഴുവൻ കിണറുകളിലേയും വെള്ളം ശേഖരിച്ച് ഈ കുഴിയില്‍ നിറയ്ക്കും. തുടര്‍ന്ന് അടുത്തുളള പാടത്തും വരമ്പത്തുമുള്ള ജീവനുളള തവളകളെ പിടിച്ച് കൊണ്ടു വന്ന് ഈ കുഴിയില്‍ ഇടും. തുടര്‍ന്ന് ഇവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. ചത്ത തവളകളെ കൊണ്ട് മാലയുണ്ടാക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ‘തവളമാല’ഒരാള്‍ കഴുത്തിലണിഞ്ഞ് ഗ്രാമവാസികളെ ശകാരിക്കും. എത്ര നന്നായി ശകാരിക്കുന്നുവോ അത്രയും നല്ല മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ഇത്തരത്തിൽ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി മധ്യപ്രദേശിലെ ചത്തൂരിൽ വ്യത്യസ്തമായ ആചാരമാണ് നടത്തിയത്. രണ്ട് തവളകളുടെ വിവാഹം. ചത്തൂരിലെ ക്ഷേത്രത്തിൽ വെച്ച് വനിത ശിശുക്ഷേമ മന്ത്രി ലളിത യാദവാണ് തവളുടെ വിവാഹം നടത്തി കൊടുത്തത്. മന്ത്രിമാരും പ്രാദേശിക ബിജെപി നേതാക്കളും വിവാഹത്തിൽ മാറ്റ് കൂട്ടുന്നതിനായി ആഷാഢ് എന്ന ഉത്സവം സംഘടിപ്പിച്ചു. തവളകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ പുരോഹിതനുണ്ടായിരുന്നു. വിവാഹത്തിന് നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. തവള വിവാഹത്തിന് ശേഷം സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
