ഗാന്ധിനഗര്‍: ഗുജറാത്തിൽ ഗോവധത്തിന് ഇനി ജീവപര്യന്തം ശിക്ഷ. ഗോവധം ജാമ്യമില്ലാത്തെ വകുപ്പ് പ്രകാരം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സംസ്ഥാനനിയമസഭ പാസാക്കി. 1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. ഇതനുസരിച്ച് പശു, കാളകള്‍, എരുമ തുടങ്ങിയ ഇനത്തില്‍പ്പെട്ട മൃഗങ്ങളെ കൊല്ലുന്നത് ജാമ്യം കിട്ടാത്ത ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കും. 

മൃഗങ്ങളെ കൊല്ലുന്നതിന് നിലവിലുള്ള 50,000 രൂപ പിഴ രണ്ടിരട്ടിയാക്കി കൂട്ടുമെന്നും ബില്ലില്‍ പറയുന്നു. പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമരൂപീകരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വ്യക്തമാക്കി. പശുക്കളെയോ, കാളകളെയോ അറവുശാലകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുത്താൽ കേസിൽ അന്തിമ തീരുമാനം വന്നശേഷം മാത്രമെ വാഹനങ്ങള്‍ വിട്ടുനല്‍കു. 

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2011ല്‍ ഗുജറാത്തിൽ പശുക്കളെ കടത്തുന്നതും, കൊല്ലുന്നതും നിരോധിച്ചിരുന്നു. അന്ന് 2012ലെ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടായിരുന്നു ആ തീരുമാനം. ഗുജറാത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴാണ് ഗോവധ നിരോധനം സംസ്ഥാനം കര്‍ശനമാക്കുന്നത്. 

ഉത്തർപ്രദേശ് ഉൾപ്പടെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ അറവുശാലകൾക്കെതിരെ നടപടി ശക്തമാക്കുമ്പോഴാണ് ഗുജറാത്തും നിലപാട് കടുപ്പിച്ചത്. അനധികൃതഅറവുശാലൾക്കെതിരെ മാത്രമേ നടപടി എടുക്കൂവെന്ന് ഇറച്ചിക്കടയുടമകൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഉറപ്പ് നൽകിയിരുന്നു.