ദില്ലി: ദില്ലിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നവരുടെ കോടതിയിൽ വിചാരണ ചെയ്യാമെന്ന് ബാലനീതി ബോർഡ് ഉത്തരവിട്ടു. പതിനെട്ടു വയസു തികയാൻ നാലു ദിവസം ബാക്കി നിൽക്കെയാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് നൽകിയ ഹർജി ബാലനീതി ബോർഡ് അംഗീകരിച്ചു.

ഇക്കഴിഞ്ഞ ഏപ്രിൽ നാലാം തിയ്യതിയാണ് ദില്ലി സിവിൽ ലൈനിൽവച്ച് പ്രായപൂർത്തിയാകാത്ത പ്രതി ഓടിച്ചിരുന്ന ആഢംബര കാറിടിച്ച് ബിസിനസുകാരനായ സിദ്ധാർത്ഥ് ശർമ മരിച്ചത്.സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസിൽ കീഴടങ്ങി. കേസിൽ കുട്ടിയുടെ അച്ഛനെയും വീട്ടിലെ ഡ്രൈവറെയും പ്രതി ചേർത്തെങ്കിലും പ്രായപൂർത്തിയാകാൻ നാലു ദിവസം ബാക്കിയുണ്ട് എന്നതിന്റെ ആനുകൂല്യത്തിൽ കാർ ഓടിച്ചിരുന്ന കുട്ടിയുടെ വിചാരണ ബാലനീതി ബോർഡിലാണ് നടന്നിരുന്നത്.എന്നാൽ പ്രായപൂർത്തിയാകാത്ത പ്രതി ഇതിനു മുമ്പും നിയമ ലംഘനം നടത്തിയിട്ടുണ്ടെന്നും നാലു ദിവസത്തിന്റെ ആനുകൂല്യം ഒഴിവാക്കി പ്രതിയുടെ വിചാരണ മുതിർന്നവരുടെ കോടതിയിൽ നടത്തണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് നൽകിയ ഹർജിയാണ് ബാലനീതി ബോർഡ് അംഗീകരിച്ചത്.

സംഭവം നടക്കുമ്പോൾ ശാരീരികമായോ മാനസികമായോ യാതൊരു കുഴപ്പവും പ്രതിക്കുണ്ടായിരുന്നില്ലെന്നും കുറ്റം ചെയ്യുമ്പാൾ സംഭവത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പ്രതിക്ക് ബോധ്യമുണ്ടായിരുന്നെന്നും ബോർഡ് നിരീക്ഷിച്ചു. ഗുരുതരമായ കുറ്റം ചെയ്യുന്ന പതിനാറു വയസിനു മുകളിലുള്ള പ്രായപൂർത്തിയാകാത്ത പ്രതികളെ മുതിർന്നവരുടെ കോടതിയിൽ വിചാരണ ചെയ്യാമെന്ന നിയമഭേദഗതി ഉപയോഗിച്ചാണ് തുടർന്നുള്ള കോടതി നടപടികൾ വിചാരണ കോടതിയിലേക്ക് മാറ്റിയത്. പ്രതിയുടെ വിചാരണ മാറ്റിയ ബാലനീതി ബോർഡിന്റെ തീരുമാനം സിദ്ധാർത്ഥിന്റെ കുടുംബം സ്വാഗതം ചെയ്തു.