തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പ്രവേശനം നിഷേധിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളികളായ വിദ്യാർഥികള്‍ക്ക് എംബിബിഎസ് പ്രവേശനം നിഷേധിച്ചുവെന്ന് പരാതി. നിയമപ്രകാരം ആവശ്യമായ രേഖകളെല്ലാം ഹാജരാക്കിയിട്ടും രക്ഷിതാക്കള്‍ തമിഴ്നാട്ടില്‍ പഠിച്ചവരല്ലെന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചതെന്ന് വിദ്യാർത്ഥികളുടെ ആരോപണം.

തമിഴ്നാട്ടിലെ കൂടംകുളത്ത് സ്ഥിരതാമസക്കാരായ ആദിത്യൻ, ജിയോ എന്നിവർക്കാണ് തമിഴ്നാട് സർക്കാർ മെഡിക്കല്‍ പ്രവേശനം നിഷേധിച്ചത്. രണ്ടുപേരും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ മക്കളാണ്. ആദിത്യന് നീറ്റില്‍ തമിഴ്നാട്ടില്‍ 86ാം റാങ്കും ജിയോക്ക് 497ാം റാങ്കുമാണ്. ഇരുവരും പ്രവേശനം തേടിയത് ഓപ്പണ്‍ കാറ്റഗറിയിലാണ്.

തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഏഴാം തരം മുതല്‍ പ്ലസ് ടു വരെ തുടർച്ചയായി തമിഴ്നാട്ടില്‍ പഠിക്കണമെന്നാണ് ചട്ടം.അങ്ങനെ അല്ലെങ്കില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ പ്രവേശനം നേടാൻ വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ തമിഴ്നാട്ടില്‍ സ്ഥിരതാമസക്കാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കണം. 

ആദിത്യനും ജിയോയും എല്‍കെജി മുതല്‍ 10 ആം തരം വരെ തമിഴ്നാട്ടില്‍ ആയിരുന്നുവെങ്കിലും പ്ലസ് ടു പഠിച്ചത് കേരളത്തിലാണ്. രക്ഷിതാക്കള്‍ തമിഴ്നാട്ടില്‍ സ്ഥിരതാമസക്കാരാണെന്ന് വ്യക്തമാക്കുന്ന രേഖകളെല്ലാം ഹാജരാക്കിയെങ്കിലും ഇവർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു

പ്രവേശനം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ചട്ടപ്രകാരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്യമുണ്ടെന്നാണ് ഔദ്യോഗികതലത്തിലെ വിശദീകരണം. നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.