ഛണ്ഡീഗര്‍: സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ റാങ്ക് നേടിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ സൈനികന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ പൊലീസ് അന്വേഷിച്ചിരുന്ന എല്ലാ പ്രതികളും അറസ്റ്റിലായി.

റിവാരിയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം കേസിലെ പ്രധാന പ്രതിയായ പങ്കജ് എന്ന സൈനികനെയും കൂട്ടുപ്രതിയായ മനീഷിനെയും അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ നിഷു ഫോഗത് എന്നയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കുള്ള പരിശീലനം കഴിഞ്ഞ് മടങ്ങവേ, 19കാരിയായ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു സംഘം. മുഖ്യപ്രതിയായ പങ്കജിന് സേനയില്‍ ചേരുന്നതിന് മുമ്പ് ആവശ്യമായ പരിശീലനം നല്‍കിയിരുന്നത് പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു. തുടര്‍ന്ന് സൈനികനായി ജോലി ലഭിച്ച് രാജസ്ഥാനിലേക്ക് പോയ പങ്കജ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 

മഹേന്ദ്രഹറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പിന്നീട് ഗുരുഗ്രാമില്‍ നിന്ന് നൂറിലധികം കിലോമീറ്റര്‍ അകലെ, ഒരു ബസ് സ്റ്റാന്‍ഡിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി തന്നെ പ്രതികളുടെ വിശദാംശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പൊലീസ് ഇവരെ പിടികൂടാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഒളിവിലായ പ്രതികളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.