ആദായനികുതി ഭേദഗതി ബില്‍ ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്‌സഭ പാസാക്കിയ ബില്ല് ആദായ നികുതി വെട്ടിപ്പിനുള്ള പിഴ കൂട്ടാന്‍ വ്യവസ്ഥയുള്ളതാണ്. ഒപ്പം 50 ശതമാനം നികുതിയും പിഴയുമടച്ച്  കള്ളപ്പണം സ്വയം വെളിപ്പെടുത്താന്‍ ഒരു അവസരം കൂടി നല്‍കാനുള്ള നിര്‍ദ്ദേശവും ബില്ലിലുണ്ട്. ലോക്‌സഭയില്‍ ബില്ല് പാസാക്കിയ രീതിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് പരാതി നല്കിയിരുന്നു. ഇന്ന് ബില്‍ അവതരണത്തെ എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പണം അസാധുവാക്കല്‍ വിഷയത്തിലുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെ ഒത്തുതീര്‍പ്പായിട്ടില്ല. പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്നു രാവിലെ ചേരും.