ദില്ലി: ഇന്ത്യക്ക് ഇന്ന് എഴുപതാം പിറന്നാള്‍. ലോകം ഉറങ്ങിയ ആ രാത്രിയില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും വെളിച്ചത്തിലേക്കും ഉണര്‍ന്നെണിറ്റൂ. പക്ഷെ ആ സ്വാതന്ത്ര്യത്തിന് വലിയൊരു മുറിവിന്റെ വേദനയുണ്ടായിരുന്നു. ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത്, ദശലക്ഷക്കണക്കിന് പേരെ അഭയാര്‍ത്ഥികളാക്കിയ വിഭജനത്തിന്റെ മുറിവ്. നൂറ്റാണ്ടുകളുടെ അടിമത്വത്തെയും, വിഭജനത്തിന്റെ മുറിവിനെയും, പല ഭാഷകളുടെയും സംസ്കാരങ്ങളുടെയും വേര്‍തിരിവിനെയും മറികടന്നാണ് ഇന്ത്യ മുന്നോട്ടു കുതിച്ചത്.

ചൊവ്വയോളം എത്തുന്ന ബഹിരാകാശ നേട്ടങ്ങളും , ആണവ പോര്‍മുനകളും എന്തിനും സജ്ജരായി നില്‍ക്കുന്ന വലിയ സൈന്യവും ഇന്ന് ഇന്ത്യക്ക് സ്വന്തം . ലോകത്തെ വന്‍ശക്തികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ. ക്ഷെ അപ്പോഴും ഗാന്ധിജിയുടെ സ്വപ്നം അകലെത്തന്നെ നില്‍ക്കുകയാണ്. കര്‍ഷകന്റെ, പാവപ്പെട്ടവന്റെ,ഗ്രാമീണന്റെ, മതേതരന്റെ സ്വതന്ത്രഭാരതം ഇന്നും അകലെയാണ്.

സ്വതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങി നിന്ന രാജ്യത്തെ ഞെട്ടിച്ച യുപിയിലെ കുരുന്നുകളുടെ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതാണ്. എങ്കിലും പ്രതീക്ഷ കൈവെടിയാതെ നമുക്ക് നമ്മുടെ സ്വാതന്ത്ര്യം ആഘോഷിക്കാം. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരുടേതുമാകുന്ന സ്വതന്ത്രഭാരതം ഈ മണ്ണില്‍ പുലരാതിരിക്കില്ല. അതിനുള്ള പ്രതീക്ഷയാണ് ഓരോ സ്വാതന്ത്ര്യദിനവും.