രാമക്ഷേത്രം വരുന്നതോടെ അയോധ്യയുടെ മഹത്തായ പാരമ്പര്യം തിരിച്ച് ലഭിക്കും. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്നതോടെ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും സാംസ്കാരിക, മത, ന്യൂനപക്ഷ ക്ഷേമ, മുസ്ലിം വഖഫ് വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ പറഞ്ഞു

ലക്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ നഗരത്തിന്‍റെ മഹത്തായ പാരമ്പര്യം തിരിച്ച് ലഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. രാജ്യത്തെ പൊതുവികാരം രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരോ അല്ലെങ്കില്‍ രാജ്യത്തെ ഏത് സ്ഥാപനമാണെങ്കിലും ജനങ്ങളുടെ പൊതു വികാരം മാനിക്കണം.

എത്രയും വേഗം രാമക്ഷേത്ര നിര്‍മാണം തുടങ്ങണമെന്നുള്ള പൊതുവികാരമാണ് ഇപ്പോള്‍ രാജ്യത്ത് ആകെയുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. രാമക്ഷേത്രം വരുന്നതോടെ അയോധ്യയുടെ മഹത്തായ പാരമ്പര്യം തിരിച്ച് ലഭിക്കും. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്നതോടെ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും സാംസ്കാരിക, മത, ന്യൂനപക്ഷ ക്ഷേമ, മുസ്ലിം വഖഫ് വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ പറഞ്ഞു.

താരതമ്യങ്ങള്‍ ഇല്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് ശ്രീരാമന്‍. ഞങ്ങളുടെ മാതൃകാ പുരുഷനാണ് രാമന്‍. ഇന്ത്യ ആഗോള ശക്തിയായി മാറിയത് ശ്രീരാമന്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മുഗള്‍, ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും കാലം പിന്നിട്ടിട്ടും അയോധ്യയുടെ വികസനത്തിന് ആരും ശ്രദ്ധകൊടുത്തിരുന്നില്ല.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വന്ന ശേഷമാണ് അയോധ്യയില്‍ മാറ്റങ്ങള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അധികാരമുണ്ടായിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയയെും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് രംഗത്ത് വന്നിരുന്നു.

രാമക്ഷേത്രം പണിയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ശക്തമായ അധികാര സ്ഥാനത്ത് ഇരുന്നിട്ടും രാമന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പ്രധാനമന്ത്രിയായി നമുക്ക് മോദി ജി ഉണ്ട്. മുഖ്യമന്ത്രിയായി യോഗി ജിയും. ഇരുവരും ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരാണ്.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ രണ്ട് പേരുടെയും ഭരണത്തിന് കീഴില്‍ ശ്രീരാമന്‍ കഴിയുന്നത് കുടിലിലാണ്. ഇന്ത്യയുടെയും ഹിന്ദു സമുദായത്തിന്‍റെയും നിര്‍ഭാഗ്യമാണിതെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും സുരേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.